ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ ഏപ്രിൽ ആദ്യവാരം മുതൽ ഗതാഗതപരിഷ്‌കാരം നടപ്പാക്കും. ഇതിനു മുന്നോടിയായി വ്യാഴാഴ്ച പോലീസ്, മോട്ടോർവാഹനവകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗംചേർന്നു. യോഗത്തിൽ പരിഷ്‌കാരത്തിന്റെ കരടിനു രൂപം നൽകി. ഇതനുസരിച്ച് എംസി റോഡിൽ കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കല്ലിശ്ശേരിയിൽനിന്നു തിരിഞ്ഞ് മംഗലം, കുറ്റിക്കാട്ടുപ്പടി റോഡുവഴി സെഞ്ചുറി ജംഗ്ഷനിലെത്തി എംസി റോഡിൽ പ്രവേശിക്കും.
പന്തളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചെങ്ങന്നൂർ ടൗണിൽക്കൂടി തന്നെയായിരിക്കും പോകുന്നത്. തകർന്നുകിടന്നിരുന്ന കൈപ്പലക്കടവ്-കുറ്റിക്കാട്ടുപ്പടി റോഡ് നവീകരിക്കാൻ ഒന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടെൻഡർ വിളിച്ച് റോഡുപണിയുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
എംസി റോഡിലൂടെയെത്തുന്ന വാഹനങ്ങൾക്ക് വൺവേ ഏർപ്പെടുത്തുന്നതിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാമെന്നാണ് കണക്കുകൂട്ടൽ. വാഹനങ്ങൾ തിരിച്ചുവിടുന്ന കല്ലിശ്ശേരി, മംഗലം, കുറ്റിക്കാട്ടുപ്പടി റോഡിൽ പോലീസ്, മോട്ടോർവാഹനവകുപ്പ് അധികൃതർ വിശദമായ പരിശോധന നടത്തിയിരുന്നു. എംസി റോഡിലെ വാഹനപ്പെരുപ്പംമൂലം രാവിലെയും വൈകിട്ടും നഗരത്തിൽ അനിയന്ത്രിതമായ തിരക്കാണുനുഭവപ്പെടുന്നത്. ഇതിനു പരിഹാരമായിട്ടാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്. മണ്ഡലകാലത്തിനു മുന്നോടിയായി ഗതാഗതപരിഷ്‌കാരം നടപ്പാക്കാൻ ആലോചനയുണ്ടായിരുന്നു. പിന്നീട് കൂടുതൽ ചർച്ചകൾക്കായി പരിഷ്‌കാരം നടപ്പാക്കുന്നതു നീട്ടുകയായിരുന്നു.