കൊച്ചി : പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി പാലാരിവട്ടത്ത് ഇന്ന് മുതല്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കാക്കനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെയാണ് നിയന്ത്രണം ബാധിക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബദൽ റൂട്ടുകളടങ്ങിയ മാപ്പും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.
ദേശീയപാതയിലൂടെ നേരെയുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താതെയാണ് പാലം പൊളിക്കുന്ന നടപടികള്‍ തുടരുക. പാലത്തിന്റെ അടിയിലൂടെയൂള്ള ക്രോസിങ് ഒഴിവാക്കിയതോടെ എറണാകുളത്തുനിന്ന് കാക്കനാട് ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലത്തിന്‍റെ രണ്ടറ്റത്തുമായി 300 മീറ്റർ അകലത്തിൽ ദേശീയപാതയില്‍ പുതിയതായി അനുവദിച്ച യൂടേണുകള്‍ ഉപയോഗിച്ചാണ് ഇതുവഴിയുള്ള യാത്രക്കാര്‍ യാത്ര ചെയ്യേണ്ടി വരിക.
എറണാകുളത്തു നിന്നും കലൂർ വഴി പാലാരിവട്ടം ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങൾക്ക് പാലാരിവട്ടം ഇടപ്പള്ളി റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കാം. ഇടപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ഇടപ്പള്ളി തൃപ്പൂണിത്തുറ റോഡ് വഴി സിവിൽ ലൈനിലേക്കും ബദൽ മാർഗം ഒരുക്കിയിട്ടുണ്ട്. കാക്കനാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് എറണാകുളത്തേക്കു പോകാൻ പാലച്ചുവട് വഴി പുതിയ റോഡിലേക്ക് പ്രവേശിക്കാം.
പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ച പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിർമാണ ജോലികൾ നടക്കുന്ന പൈപ്പ് ലൈൻ ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കും. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇന്ന് രാവിലെ പാലാരിവട്ടം പാലം സന്ദർശിക്കും.