തിരുവനന്തപുരം : ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ രണ്ടു ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ച സംഭവം കേസ്സെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍. പട്ടത്ത് മദ്യലഹരിയിലായിരുന്ന ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ രണ്ടു ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു. എസ്ഐ അനില്‍കുമാറാണ് അപകടമുണ്ടാക്കിയത്. പോലീസ് ഉടന്‍ സംഭവസ്ഥലത്തെത്തി അപകടമുണ്ടാക്കിയ കാര്‍ നീക്കം ചെയ്തത് സംഭവം മറയ്ക്കാനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എസ്ഐ യ്‌ക്കെതിരെ കേസെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാത്രി എട്ടേകാലോടെയാണ് നിയന്ത്രണം തെറ്റിവന്ന കാര്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ ഇടിച്ചിട്ടത്.
തൊട്ടടുത്ത കടയിലുണ്ടായിരുന്നു ബൈക്കിന്റെ ഉടമസ്ഥര്‍. ഇവരും നാട്ടുകാരും ഓടിക്കൂടി. ഡ്രൈവിങ് സീററിലുണ്ടായിരുന്നയാള്‍ മദ്യ ലഹരിയിയിലായിരുന്നു. കാര്‍ പരിശോധിച്ചപ്പോഴാണ് ആള്‍ ആരെന്ന് തിരിച്ചറിഞ്ഞത്. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ അനില്‍കുമാര്‍. നെയിംബോഡുളള യൂണിഫോമും തൊപ്പിയും എല്ലാം കാറില്‍ തന്നെയുണ്ടായിരുന്നു. ഇതോടെ എസ്ഐയും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. എസ്ഐയെ പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. അപകടമുണ്ടാക്കിയ കാറും ധൃതിപിടിച്ച് നീക്കി. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തിരക്കുളള റോഡില്‍ എസ്ഐ അപകടമുണ്ടാക്കിയത്. ഇയാളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.