ഒഡിഷ ട്രെയിൻ അപകടത്തെ തുടർന്ന് തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്ന് ഒഡിഷയിലേക്കും അസാമിലേക്കും പോകുന്ന ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്‌പ്രസും (22641), കന്യാകുമാരി – ദിബ്രുഗഢ് വിവേക് സൂപ്പർഫാസ്റ്റുമാണ് (22503) റദ്ദാക്കിയത്. ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് 48 ട്രെയിനുകളാണ് മൊത്തം റദ്ദാക്കിയത്. 36 ട്രയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‍നാദിലാണ് അപകടമുണ്ടായത്. 12837 ഹൗറ – പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്നലെ 7 മണിയോടെ നടന്ന ട്രെയിന്‍ അപകടത്തില്‍ 900ലേറെ പേർക്കാണ് പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.