കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട റഹ്‌മത്തിന്റെയും നൗഫീഖിന്റെയും മൃതദേഹങ്ങൾ ഖബറടക്കി. റഹ്മത്തിന്റെ മൃതദേഹം പാലോട്ട് പള്ളി ഖബർസ്ഥാനിലും നൗഫിഖിന്റെ മൃതദേഹം എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും ആണ് ഖബറടക്കിയത്. വയോജന വിശ്രമ കേന്ദ്രത്തിൽ പൊതുദർശനത്തിന് വച്ച നൗഫീഖിന്റെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാൻ നിരവധി പേരാണ് എത്തിയത്. തുടർന്ന് കോടോളിപ്പുറത്തെ വീട്ടിൽ എത്തിച്ചു. ഭാര്യ ബുഷ്‌റയും മൂന്ന് കുട്ടികളുമാണ് നൗഫീഖിനുള്ളത്. കോഴിക്കോട് ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷമായിരുന്നു റഹ്മത്ത് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. ജസീലയുടെ രണ്ട് വയസുള്ള മകൾ സഹ്‌ലയെ കൂട്ടിയാണ് ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടിവ് ട്രെയിനിൽ മട്ടന്നൂരിലേക്ക് തിരിച്ചത്.
ഞായറാഴ്‌ച രാവിലെ മലപ്പുറം ആക്കോട്ട് നോമ്പുതുറക്കലിന് പോയി തിരികെ വരുമ്പോഴാണ് നൗഫീഖ് ദുരന്തത്തിൽപെട്ടത്.ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് കോഴിക്കോട് എലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ചശേഷം പ്രതി അപ്രത്യക്ഷമാവുകയായിരുന്നു.കേസിൽ കസ്റ്റഡിയിലുള്ള നോയിഡ സ്വദേശി ഷാറൂഖ് സെയ്‌ഫിയെ ചോദ്യം ചെയ്യുന്നത് തുടരുയാണ്. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാൽ കസ്‌റ്റഡിയിലുള്ള സെയ്‌ഫി തന്നെയാണോ കുറ്റവാളിയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.