തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ട്രെയിന്‍ തടയല്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. ചെന്നൈ സെന്‍ട്രലിലേക്ക് പോകേണ്ട ട്രെയിനിന്റെ മുന്നിലും മുകളിലും കയറിനിന്നാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് രാജധാനി എക്‌സ്പ്രസും സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.
പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. റെയില്‍വേ ട്രാക്കില്‍ കിടന്നുകൊണ്ടും നേതാക്കള്‍ പ്രതിഷേധിക്കുന്നുണ്ട്. പ്രവര്‍ത്തകരും ട്രാക്കില്‍ തന്നെ കുത്തിയിരിക്കുകയാണ്.കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും ഇ.ഡി നടപടിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. അമ്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയത്.
രാജധാനി എക്‌സ്പ്രസിന് മുന്നിലെ തടസങ്ങള്‍ പോലീസ് നീക്കിയിട്ടുണ്ട്. എന്നാല്‍ റെയില്‍വേ ട്രാക്കില്‍ നിന്നും പൂര്‍ണമായും പിന്മാറാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകാതിരുന്നതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് മാറ്റിയിട്ടുണ്ട്. റെയില്‍വേ ട്രാക്കിലെ തടസങ്ങള്‍ പോലീസ് മാറ്റിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് മുന്നിലെ ആര്‍.പി.എഫ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.