ഒഡീഷ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി. കാമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് ഗുവാഹത്തിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പാളം തെറ്റിയ വിവരം ലഭിച്ചതിനെത്തുടർന്ന് നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനും അടിയന്തര പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായി റെയിൽവേ അധികൃതരും ജീവനക്കാരും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.
രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിന്റെ ഭാഗമായി, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആക്‌സിഡന്റ് റിലീഫ് ട്രെയിനും മെഡിക്കൽ റിലീഫ് ട്രെയിനും സ്ഥലത്തേക്ക് അയച്ചിരുന്നു. അതേസമയം പാളം തെറ്റലിലേക്ക് നയിച്ച കാരണം ഇപ്പോഴും അവ്യക്തമാണ്.