മുംബൈ: സിയോണ്‍ സ്റ്റേഷനില്‍ ട്രെയിനിനും റെയില്‍വേ പ്ലാറ്റ്ഫോമിനുമിടയില്‍പെട്ട് യുവാവ് മരിച്ചു. ദിനേശ് റാത്തോഡ് എന്ന 26 കാരനാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9:15 ഓടെയാണ് സംഭവം നടന്നത്. തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ ദിനേശ് ട്രാക്കില്‍ വീഴുന്നത് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വെള്ള ഷര്‍ട്ടും ട്രൗസറും ധരിച്ച ഒരാള്‍ പ്ലാറ്റ്ഫോമില്‍ വെച്ച് ശീതള്‍ മാനെ എന്ന യുവതിയെ (30) ഇടിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ദിനേശ് പ്ലാറ്റ്ഫോമില്‍ വെച്ച് ശീതള്‍ മാനെ (30) യെ ഇടിച്ചത് സിസിടിവിയില്‍ വ്യക്തമാണ്. ഇതേതുടര്‍ന്ന് ശീതള്‍ കൈയിലുണ്ടായിരുന്ന കുട കൊണ്ട് ദിനേശിനെ അടിച്ചു. തൊട്ടുപിന്നാലെ, ബാലന്‍സ് നഷ്ടപ്പെട്ട് ദിനേശ് ട്രാക്കിലേക്ക് വീണു. ട്രാക്കില്‍ വീണ ദിനേശിനെ ശീതള്‍ മാനെയുടെ ഭര്‍ത്താവ് അവിനാഷും (35) അടിച്ചു.
എന്നാല്‍ പെട്ടന്ന് ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ യാത്രക്കാര്‍ ദിനേശിനെ രക്ഷിക്കാന്‍ പ്ലാറ്റ്ഫോമിന്റെ അരികിലേക്ക് എത്തി. പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള ദിനേശിന്റെ ശ്രമം പരാജയപ്പെട്ടതോടെ ട്രെയിന്‍ നിര്‍ത്താനായി യാത്രക്കാരില്‍ ചിലര്‍ ശീതളും കുട വീശിയെങ്കിലും ആ ശ്രമം നിഷ്ഫലമായി. ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങിയ ദിനേശ് ഉരുണ്ടുവീണ് ട്രെയിനിനടിയില്‍പ്പെടുകയായിരുന്നു.