ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കില്ല. ട്രെയിന്‍ യാത്രയ്ക്കായി ബുക്ക് ചെയ്ത തുക മടക്കി നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ മുഴുവന്‍ സോണുകളോടും നിര്‍ദ്ദേശിച്ചു.
ഏപ്രില്‍ 14 നു മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം റദ്ദാക്കാനും ടിക്കറ്റ് തുക പൂര്‍ണമായും മടക്കി നല്‍കാനുമാണ് ഇന്ത്യന്‍ റെയില്‍വേ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രത്യേക ട്രെയിനുകള്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചിരുന്നെങ്കിലും കനത്ത മുന്‍കരുതലോടെയാണ് സര്‍വീസ് നടത്തുന്നത്.
ടി.ടി.ഇമാര്‍ക്ക് കോട്ടും ടൈയും നിര്‍ബന്ധമില്ല. എന്നാല്‍ പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജ് ധരിക്കണം. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളില്‍ രോഗികളെ ചികിത്സിക്കാന്‍ ആശുപത്രികള്‍ തികയാതെ വന്നാല്‍ റെയില്‍വേ കോച്ചുകള്‍ താത്കാലിക ആശുപത്രികളാക്കാന്‍ വിട്ടുനല്‍കാന്‍ റെയില്‍വേ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.