കോഴിക്കോട് : പണിക്കർ റോഡിൽ പാളത്തിൽ കല്ലുകൾ നിരത്തിയ കുട്ടികളെ കൈയോടെ പിടികൂടി. പണിക്കർ റോഡിനടുത്തുള്ള റെയിൽവേ പാളത്തിലാണ് തിങ്കളാഴ്ച രാവിലെ മൂന്നു സ്കൂൾ വിദ്യാർഥികൾചേർന്ന് കളിയുടെ ഭാഗമായി കല്ലുകൾ നിരത്തിയത്. തീവണ്ടി എൻജിൻ ട്രയൽ നടത്തുന്നതിനിടയിലാണിത്.
ഇതിനെത്തുടർന്ന് പത്തു മിനിറ്റോളം എൻജിൻ നിർത്തിയിട്ടു. മൂവരേയും ഗേറ്റ്മാൻമാർ പിടികൂടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ ഏൽപ്പിച്ചു. രക്ഷിതാക്കളുടെയും ചൈൽഡ് ലൈൻ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ കുട്ടികൾക്ക് ബോധവത്കരണം നടത്തി വിട്ടയച്ചുവെന്ന് ആർ.പി.എഫ്. എസ്.ഐ. അപർണ അനിൽകുമാർ പറഞ്ഞു. വരുംദിവസങ്ങളിൽ ഈഭാഗങ്ങളിലെ കുട്ടികൾക്ക് വേണ്ടി ബോധവത്കരണ പരിപാടികൾ നടത്തുമെന്നും അപർണ വ്യക്തമാക്കി.
നേരത്തെ ഫറോക്ക്, കൊയിലാണ്ടി, കടലുണ്ടി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ഇത്തരത്തിൽ പാളത്തിൽ കല്ലുവെച്ചിരുന്നു. ഫറോക്കിൽ ഒഴികെ മറ്റിടങ്ങളിലെല്ലാം ഇതിനുത്തരവാദികളായവരെ ആർ.പി.എഫും പോലീസും ചേർന്ന് പിടികൂടിയിരുന്നു.