ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം ആവര്‍ത്തിച്ച് റെയില്‍വേ അധികൃതര്‍. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് വാദം. ഇന്റര്‍ലോക്കിങ് സിഗ്‌നല്‍ സംവിധാനത്തില്‍ പിഴവുകള്‍ അപൂര്‍വമാണെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ഒരിക്കൽ ട്രെയിൻ പോകേണ്ട ട്രാക്ക് സെറ്റ് ചെയ്ത് ലോക്ക് ചെയ്താൽ, ട്രെയിൻ കടന്നുപോകുന്നതുവരെ മാറ്റം വരുത്താൻ കഴിയില്ല.
ബാഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിൽ ‘ബാഹ്യ ഇടപെടൽ’ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം റെയിൽവേ സംഘത്തിന്റെ റിപ്പോർട്ടിലുള്ളത്. കൊറോമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികളിലുണ്ടായിരുന്ന 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റാണെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ചവരുടെ ശരീരത്തിൽ പരുക്കുകൾ സംഭവിച്ചിട്ടില്ലെന്ന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലാണ് ഈ സംശയത്തിന് കാരണം.
അപകടത്തിൽ പൊട്ടിയ വൈദ്യുതകമ്പികൾ വീണതാകാം മരണ കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം അപകടത്തില്‍ മരിച്ചവരില്‍ 101 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്ന് ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ റിങ്കേഷ് റോയി അറിയിച്ചു. തിരിച്ചറിഞ്ഞ 55 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടത്തില്‍ 1100 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണെന്നും റിങ്കേഷ് റോയി അറിയിച്ചു.