ഡൽഹി: കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയെക്കുറിച്ചും കേരളത്തിന്‍റെ ആവശ്യങ്ങളെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ അമൃതഭാരത് പദ്ധതിക്ക് കീഴിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിർമ്മാണ പുരോഗതി വളരെ കുറവാണ്. ഇതുമൂലം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ട് വളരെയധികമാണ്. ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലും കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തുമടക്കം നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണം. ചെങ്ങന്നൂരിലെ വികസന പ്രവർത്തനങ്ങൾ അടുത്ത മണ്ഡലകാലത്തിന് മുൻപെങ്കിലും അടിയന്തരമായി പൂർത്തീകരിക്കേണ്ടതുണ്ട്.
നിലവിൽ തിരഞ്ഞെടുത്തിട്ടുള്ള സ്റ്റേഷനുകൾക്കൊപ്പം അടുത്തഘട്ടത്തിൽ കൊട്ടാരക്കര, ശാസ്താംകോട്ട അടക്കമുള്ള കേരളത്തിലെ മറ്റു റെയിൽവേ സ്റ്റേഷനുകളിൽ കൂടി അമൃത് ഭാരത് പദ്ധതി വ്യാപിപ്പിക്കണമെന്നും കുര, മൺറോത്തുരുത്ത്, ചെറിയനാട് എന്നീ സ്റ്റേഷനുകൾ ക്രോസിംഗ് സ്റ്റേഷനുകൾ ആയി അപ്ഗ്രേഡ് ചെയ്യണമെന്നും മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.