ആലപ്പുഴ : മദ്യലഹരിയില്‍ ട്രെയിനില്‍ യാത്രക്കാരിയെ മര്‍ദിച്ച യുവാവും സുഹൃത്തും അറസ്റ്റിലായി. തിരുവനന്തപുരം കൊച്ചുവേളി വെട്ടികാട് വാര്‍ഡില്‍ ജിത്തു (23), തിരുവനന്തപുരം പനക്കല്‍ പുരയിടത്തില്‍ സെബിന്‍ എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെ വൈകിട്ട് 4.30ന് ചേര്‍ത്തലയില്‍ വെച്ചാണ് സംഭവം.
ഇന്‍ഡോര്‍ കൊച്ചുവേളി എക്സ് പ്രസ്സ് ട്രെയിനില്‍ എസ് വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന കരുനാഗപ്പള്ളി ചക്കാല പടീറ്റതില്‍ അമ്പിളിയെയാണ് ജിത്തു മര്‍ദിച്ചത്. വഡോദരയില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്നു അമ്പിളിയും മകളും. എറണാകുളത്ത് നിന്നു കയറിയ പ്രതികള്‍ ട്രെയിനില്‍ മദ്യപിക്കുകയും അമ്പിളിയുടെ മകളോട് മദ്യം വേണോ എന്നു ചോദിക്കുകയും ചെയ്തു.
തുടര്‍ന്ന് അമ്പിളിയുടെ ബാഗില്‍ പ്രതികള്‍ ഛര്‍ദിച്ചു. ഇതു ചോദ്യം ചെയ്ത അമ്പിളിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അമ്പിളിയുടെ ചുണ്ടുപൊട്ടി. 5 തുന്നിക്കെട്ടുകള്‍ ഉണ്ട്. അപ്പുറത്തെ കോച്ചില്‍ ഉണ്ടായിരുന്ന ഭര്‍തൃസഹോദരന്‍ വിവരം അറിഞ്ഞ് എത്തിയശേഷം മറ്റു യാത്രക്കാരുടെയും ടിടിഇമാരുടെയും നേതൃത്വത്തില്‍ പ്രതികളെ റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു.