പത്തനംതിട്ട : കില ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ 53 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പട്ട റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ഏകദിന പരിശീലനം കോയിപ്രം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്നത് കേരള സര്‍ക്കാരിന്റെ പ്രഥമ മുന്‍ഗണനകളില്‍ ഒന്നാണ്. ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍, വിട്ടു പോയതുമായ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് സഹായവും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതി കൃത്യമായി ഗ്രാമ – നഗരസഭ തലത്തില്‍ നടപ്പാക്കാനായി ജനപ്രതിനിധികള്‍ /ഉദ്യോഗസ്ഥര്‍ /സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ പരിശീലിപ്പിച്ച് സജ്ജരാക്കുക എന്ന ലക്ഷ്യത്തിനായാണ് റിസോഴ്സ് പേഴ്സണ്‍മാരെ സജ്ജരാക്കുന്നത്. കില ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര്‍ അജീഷ് കുമാര്‍, ജില്ലാ ട്രെയിനിംഗ് ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് എം.കെ വാസു എന്നിവരുടെ നേതൃത്വത്തില്‍ കെ.ജി ബഷീര്‍, സി.പി സുനില്‍, ലതാ പ്രസാദ്, എന്‍.പ്രകാശ്, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ക്ലാസ് എടുത്തു. പി.കെ തോമസ്, ഷാന്‍ രമേശ് ഗോപന്‍, രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.