പത്തനംതിട്ട : ജനങ്ങൾക്കിടയിൽ ജനങ്ങൾക്കൊപ്പം നിന്ന ആ ജനനായകൻ ഇനിയില്ല… വാർദ്ധക്യവും അസുഖവും തളർത്തുമ്പോഴും ജനങ്ങൾക്കിടയിലേക്കെത്തി നിവേദനങ്ങൾ ഹൃദയം കൊണ്ട് സ്വീകരിച്ച രാഷ്ട്രീയ നിഷ്കളങ്കതയുടെ ഒരു മുഖം കൂടിയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി കേരള മുഖ്യമന്ത്രി പദം വരെ എത്തിയ നിസ്വാർത്ഥനായ പകരം വെയ്ക്കാനില്ലാത്ത ഒരു രാഷ്ട്രീയ നേതാവ്. കടക്ക് പുറത്ത് എന്ന് ആരോടും ആക്രോശിച്ചില്ല. ഏതു പാതിരാത്രിയിലും തന്നെ തേടിയെത്തുന്ന നിവേദനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും അതിനൊരു പരിഹാരം കാണുകയും ചെയ്തു എന്നതാണ് മറ്റ് നേതാക്കന്മാരിൽ നിന്നും ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിനെ വ്യത്യസ്തനാക്കുന്നത്.
തന്നെ എത്രമാത്രം ആരൊക്കെ പ്രകോപിപ്പിച്ചാലും ശാന്തത കൈവെടിയാത്ത മുഖവും ഉലഞ്ഞ ഷർട്ടും പാറിപ്പറക്കുന്ന മുടിയുമായി ജനങ്ങളെ മാത്രം മുന്നിൽകണ്ട് പ്രവർത്തിച്ച കേരളം കണ്ട മഹാരഥന്മാരായ നേതാക്കന്മാരിൽ അഗ്രഗണ്യനായ ഒരാൾ… തുടർച്ചയായ 53 കൊല്ലവും ഒരു മണ്ഡലം ഒരു നേതാവിനെ കൈവിടാതെ ചേർത്തുനിർത്തി എന്നത് രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഊണും ഉറക്കവും ഇല്ലാതെ ജനങ്ങളുടെ നന്മക്കുവേണ്ടി പണിയെടുത്തു, എന്നിട്ടും ആരോപണങ്ങളും പഴികളും ആവോളം കേട്ടു, അക്രമത്തിന് ഇരയായി, എന്നിട്ടും ആരേയും കുറ്റം പറഞ്ഞില്ല…. വേദനിപ്പിച്ചില്ല, അവരെയെല്ലാം ചേർത്ത് നിർത്തി, യഥാർത്ഥ ക്രിസ്തുവിന്റെ അനുയായി എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തന്നു. താൻ രാഷ്ട്രീയമായി വേട്ടയാടപ്പെട്ട ദിനങ്ങളിൽ പുതുപ്പള്ളി പള്ളിക്ക് മുമ്പിൽ ഏകനായി കണ്ണീർ ഒഴുക്കി നിന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ മുഖം മലയാളിയുടെ ഹൃദയം നുറുക്കിയ കാഴ്ചയായിരുന്നു.
പുതുപ്പള്ളിക്കാർക്കൊപ്പം പുതുപ്പള്ളി പുണ്യാളനെയും ചേർത്തുപിടിച്ച പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ് ഇനി ഇല്ല. കേരളത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ മണ്ഡലം ഇന്ന് ശൂന്യമായിരിക്കുന്നു. ലോകത്ത് എവിടെ ആയാലും ഞായറാഴ്ച ദിവസങ്ങളിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നിറഞ്ഞു പുഞ്ചിരിക്കാനും കാരോട്ട് വള്ളകാലിലെ വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന കേരളത്തിന്റെ സമുന്നതനായ നേതാവ് ഇനി ഇല്ല.. സ്നേഹം കൊണ്ടും പുഞ്ചിരി കൊണ്ടും ലോകം ജയിച്ച രാജാവിന്റെ കഥ ഒരു മരണം കൊണ്ട് അവസാനിക്കുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആ പുഞ്ചിരി എല്ലാക്കാലത്തും മായാത്ത ഒരു അധ്യായമായി തന്നെ നിലനിൽക്കും… അങ്ങേയ്ക്ക് വിട. പത്തനംതിട്ട മീഡിയയുടെ ആദരാഞ്ജലികള്‍.