കാക്കനാട് : ജില്ലയില്‍ വില്ലേജ് ഓഫിസര്‍മാരെ കൂട്ടമായി സ്ഥലം മാറ്റിയ റവന്യൂവകുപ്പ് നടപടിക്കെതിരെ പരാതിപ്രവാഹം. ഓണ്‍ലൈന്‍ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചല്ല നിയമനങ്ങള്‍ നടത്തിയതെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ പരാതി. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് അതത് ജില്ലകളില്‍നിന്ന് സ്ഥലം മാറ്റത്തെ തുടര്‍ന്ന് പുറത്തു പോകേണ്ടി വന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇതിനെ കാറ്റില്‍പറത്തുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സ്ഥലമാറ്റ ഉത്തരവ് എന്നാണ് ആരോപണം. ജില്ലയില്‍ വില്ലേജ് ഓഫിസര്‍ തസ്തികയിലേക്ക് 32 പേരെയും ഇതിനു സമാന ഗ്രേഡിലെ ഹെഡ് ക്ലര്‍ക്ക്, റവന്യൂ ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് യഥാക്രമം മൂന്ന്, ഏഴ് ജീവനക്കാരെ വീതവുമാണ് കഴിഞ്ഞ ദിവസം നിയമിച്ചത്. വ്യാഴാഴ്ച പുറത്തിറങ്ങിയ ലിസ്റ്റിലുള്ള 42 പേരില്‍ ഭരണ സൗകര്യാര്‍ഥം സ്ഥലം മാറ്റം ലഭിച്ചത് 18 പേര്‍ക്ക് മാത്രമാണ്.
എന്നാല്‍ മറ്റു ജില്ലകളില്‍ സ്പെഷല്‍ വില്ലേജ് ഓഫിസര്‍, സീനിയര്‍ ക്ലര്‍ക്ക് തസ്തികയിലുണ്ടായിരുന്ന 24 പേരെ സ്ഥാനക്കയറ്റത്തോടൊപ്പം ജില്ലയിലെ വിവിധ വില്ലേജുകളിലേക്ക് നിയമിക്കുകകൂടി ചെയ്തതാണ് ഉദ്യോഗസ്ഥരുടെ പരാതിക്ക് കാരണം. വില്ലേജ് ഓഫിസര്‍ തസ്തികയില്‍തന്നെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് എറണാകുളത്തിന് പുറത്ത് ജോലി ചെയ്യുന്ന 58 പേര്‍ ഉണ്ടെന്നിരിക്കെ ഇവരെ പരിഗണിക്കാതെ ഇത്രയധികം ഒഴിവുകള്‍ പ്രമോഷന്‍ വഴി നികത്തിയതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ജില്ലയില്‍ മാത്രം ഇരുനൂറിലധികം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ മറ്റുജില്ലകളില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റം സുതാര്യമാക്കുന്നതിന്റെ ഭാഗമായി 2017 ജൂലൈ 25ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഓണ്‍ലൈന്‍ സ്ഥലമാറ്റ നടപടികള്‍ ആരംഭിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ 2021 ജൂണിലാണ് റവന്യൂ വകുപ്പ് ഇതിന് നടപടി ആരംഭിച്ചത്. അതിനു പിന്നാലെ പുതിയ രീതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേഷന്‍ ട്രൈബ്യൂണലില്‍ പരാതികള്‍ ലഭിച്ചതോടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെ നിരവധി പേരാണ് വെട്ടിലായതെന്ന് ജീവനക്കാര്‍ പറയുന്നു. കേസില്‍ ഇനിയും വിധി വരാത്തതിനാല്‍ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റം ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ചട്ടത്തിന് സാധുത ഇല്ലാത്ത സാഹചര്യമാണ്.