കോന്നി : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ് കോന്നി നഗരം. കോന്നിയിൽ ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നതല്ലാതെ അവ പ്രാവർത്തികമാക്കുന്നില്ല. കോന്നി ട്രാഫിക് ജംഗ്ഷനിൽ പോലീസും ഗാർഡും ഗതാഗതം നിയന്ത്രിക്കാൻ ഉണ്ടെങ്കിലും മണിക്കൂറുകൾ നീണ്ട ക്യൂവിൽ കാത്ത് നിന്ന ശേഷമാണ് പല വാഹനങ്ങളും കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപെട്ടു. കോന്നി സെൻട്രൽ ജംഗ്ഷനിൽ ഉണ്ടാകുന്ന കുരുക്ക് മൂലം കോന്നി പോലീസ് സ്റ്റേഷൻ റോഡ്, ആനക്കൂട് റോഡ്, പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത എന്നിവടങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
രോഗികളുമായി വരുന്ന ആംബുലൻസ് അടക്കം ഈ കുരുക്കിൽ പെട്ടുപോകാറുണ്ട്. സംസ്ഥാന പാതക്ക് ഇരുവശത്തും പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ പോലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന രീതിയിൽ ആണ് പലപ്പോഴും വാഹനം പാർക്ക് ചെയ്യുന്നത്. കോന്നി താലൂക്ക് വികസന സമിതിയിലും ഗതാഗത ഉപദേശക സമിതിയിലും അടക്കം ഈ വിഷയം നിരവധി തവണ ഉന്നയിക്കപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇനി ഓണക്കാലത്ത് വലിയ തിരക്കാണ് കോന്നിയിൽ അനുഭവപ്പെടാൻ പോകുന്നത്. വരും ദിവസങ്ങളിൽ തിരക്ക് രൂക്ഷമായാൽ നഗരത്തിലെ ഗതാഗത നിയന്ത്രണത്തെ ഇത് സാരമായിബാധിക്കും. കോന്നി ട്രാഫിക് ജംഗ്ഷനിൽ നിന്നും നിശ്ചിത ദൂര പരിധിയിൽ നിന്ന് മാറ്റി വാഹനം പാർക്ക് ചെയ്യണം എന്ന ഗതാഗത ഉപദേശക സമിതി തീരുമാനവും നടപ്പായില്ല. വ്യാപാര സ്ഥാപനങ്ങളിലിൽ ചരക്ക് ഇറക്കുന്ന വലിയ ലോറികൾ അടക്കം ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ ഇത്തരത്തിലുള്ള കയറ്റി ഇറക്കുകൾക്കും നിയന്ത്രണം ആവശ്യമാണ്.