കൊച്ചി : വൈറ്റില ജങ്ഷനില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കാരം വിജയമെന്ന വിലയിരുത്തലില്‍ പോലീസ്. വൈറ്റില ജങ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ക്രമീകരണം ഒരുക്കിയത്. ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ച പുതിയ പരിഷ്‌ക്കാരത്തെ തുടന്ന് കാര്യമായ തിരക്ക് വൈറ്റിലയില്‍ അനുഭവപ്പെട്ടില്ല.
പാലാരിവട്ടം, പൊന്നുരുന്നി, കണിയാമ്പുഴ ഭാഗത്തു നിന്ന് എത്തുന്ന വാഹനങ്ങള്‍ക്കാണ് പുതിയ പരിഷ്‌ക്കാരം ബാധകമാവുക. ഇവിടെ നിന്ന് എത്തുന്ന വാഹനങ്ങളെ പാലത്തിന് അടിയിലൂടെ കടത്തി വിടാതെയാണ് ക്രമീകരണം ഒരുക്കിയത്. നിലിവില്‍ ഒരാഴ്ച്ച പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയകരമാണെന്ന് ഡി. സി. പി വി.യു കുര്യയാക്കോസ് പറഞ്ഞു.
എത്രയഴിച്ചിട്ടും കുരുക്കഴിയാത്ത വൈറ്റിലയില്‍ നിലവിലുള്ള സംവിധാനങ്ങള്‍വെച്ച് ഗതാഗതം ക്രമീകരിക്കരിച്ചാണ് പോലീസ് പുതിയ പരിഷ്‌ക്കാരം നടപ്പാക്കിയത്. പാലാരിവട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ജങ്ഷന്‍ കടക്കാനുള്ള പ്രതിസന്ധിയാണ് പ്രധാന പ്രശ്‌നമെന്നാണ് പോലീസ് വിലയിരുത്തിയത്. അതുകൊണ്ട് പാലാരിവട്ടത്തുനിന്ന് എറണാകുളത്തേക്ക് പോകാനുള്ള വാഹനങ്ങള്‍ മേല്‍പ്പാലം കയറി തൈക്കൂടത്തുപോയി യു ടേണ്‍ എടുത്ത് ഫ്രീ ലെഫ്റ്റ് ഉപയോഗിച്ച് പോകണം. ഇതിലൂടെ പന്ത്രണ്ട് മിനിറ്റെങ്കിലും സമയം ഇവര്‍ക്ക് ലാഭിക്കാനാകും. ഒരു കാരണവശാലും ജങ്ഷനില്‍ വലത്തേക്ക് തിരിയാന്‍ അനുവദിക്കില്ല.
തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റ് തടസമില്ലാതെ ഉറപ്പുവരുത്താനാണ് ശ്രമം. പൊന്നുരുന്നി ഭാഗത്തുനിന്ന് എസ്.എ റോഡുവഴിയും, തൃപ്പൂണിത്തുറ റോഡ് വഴിയും ആലപ്പുഴ ഭാഗത്തേക്ക് പോകാം. കണിയാമ്പുഴ റോഡില്‍നിന്ന് ആലപ്പുഴ ഭാഗത്തേക്ക് തിരിയാന്‍ അനുവദിക്കില്ല. എന്നാല്‍ എറണാകുളം ഭാഗത്തേക്കും, പാലാരിവട്ടം ഭാഗത്തേക്കും ജംക്ഷന്‍ കടന്ന് പോകാം.ആലപ്പുഴ, എറണാകുളം, തൃപ്പൂണിത്തുറ ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിലവിലുള്ള ട്രാഫിക് സംവിധാനങ്ങള്‍ തുടരും.
പവര്‍ഹൗസ് റോഡിലും, ജങ്ഷനില്‍ എസ്. എ റോഡിന്റെ തുടക്കത്തിലും ബസുകള്‍ നിര്‍ത്തുന്നത് വിലക്കിയിട്ടുണ്ട്. മഫ്തിയില്‍ പോലീസിനെ നിര്‍ത്തി പിഴ അടപ്പിക്കാനാണ് തീരുമാനം. നിയന്ത്രണം തെറ്റിച്ചെത്തുന്നവരെ വഴി തിരിച്ചുവിടും. ആദ്യ ദിനത്തില്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരോട് പുതിയ ഗതാഗത പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷമാണ് പോലീസ് പറഞ്ഞ് വിട്ടത്. ഇത് വരുന്ന രണ്ട് മൂന്ന് ദിവസങ്ങള്‍ കൂടി തുടരും. അതിന് ശേഷവും ട്രാഫിക്ക് നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് മതിയായ പിഴ ചുമത്തുവാനാണ് പോലീസ് നീക്കം
എന്‍.എച്ച്.-66 ലൂടെ പാലാരിവട്ടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വൈറ്റില ഫ്‌ലൈഓവറിലൂടെ വൈറ്റില ഡെക്കാത്തലണിനു മുമ്പിലുള്ള യു ടേണിലൂടെ കടവന്ത്ര, എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കണം. പൊന്നുരുന്നി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് സഹോദരന്‍ അയ്യപ്പന്‍ റോഡ് വഴിയും തൃപ്പൂണിത്തുറ റോഡ് വഴിയും ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കാം.
പൊന്നുരുന്നി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് എറണാകുളം ഭാഗത്തേക്ക് പോകുന്നതിന് സുഭാഷ്ചന്ദ്ര ബോസ് റോഡ് ഉപയോഗിക്കാവുന്നതാണ്. കണിയാമ്പുഴ റോഡില്‍നിന്ന് ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കേണ്ട വാഹനങ്ങള്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് റോഡ് വഴിയോ, മെട്രോ സ്റ്റേഷന്‍ റോഡ് വഴിയോ പോകണം. കണിയാമ്പുഴ റോഡില്‍ നിന്നും ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷനിലൂടെ കടത്തി വിടില്ല.