പാലക്കാട്: വിദേശ ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ട്രാവല്‍ ഏജന്റ് പിടിയില്‍. തായ്ലന്‍ഡ് ടൂറിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ പാലക്കാട് ആലത്തൂര്‍ കോട്ടായി പുളിനെല്ലി ഭാഗത്ത് പുളിയന്‍കാട് വീട്ടില്‍ അഖില്‍ എന്ന ബ്രിജേഷ് പി.കെ (42) എന്നയാളാണ് അറസ്റ്റിലായത്. കുമരകം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍ സ്വദേശിയായ യുവാവും സംഘവും കഴിഞ്ഞ മാസം തായ്ലന്‍ഡിലേക്ക് ടൂര്‍ പോകുന്നതിനായി ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ബ്രിജേഷിന്റെ ട്രാവല്‍ ഏജന്‍സിയായ ട്രാവല്‍ കെയര്‍ ഏജന്‍സിയെ സമീപിച്ചിരുന്നു. ഇതിനായി 2,51,400 രൂപ അടയ്ക്കണമെന്നും ബ്രിജേഷ് പറയുകയും ഇവര്‍ പണം അടയ്ക്കുകയുമായിരുന്നു. എന്നാല്‍ തായ്ലന്‍ഡില്‍ എത്തിയ സംഘത്തിന് വാഗ്ദാനം ചെയ്ത ടൂര്‍ പാക്കേജില്‍ പറഞ്ഞിരുന്ന പ്രോഗ്രാമുകള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ അവിടുത്തെ ഏജന്‍സിയെ സമീപിച്ചപ്പോള്‍ ബ്രിജേഷ് അവിടെ പണം അടച്ചിട്ടില്ല എന്ന് മനസ്സിലായി. തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ് ഇയാളുടെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് യാത്രാ സംഘം അവിടുത്തെ ഏജന്‍സിയില്‍ പണമടച്ചാണ് നാട്ടിലെത്തിയത്. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.