മാലിദ്വീപിനെക്കുറിച്ച് നമുക്ക് അധികം വിശദീകരണങ്ങളുടെ ആവശ്യമൊന്നുമില്ല. അറബിക്കടലിലലെ ചെറിയ ദ്വീപുകളുടെ സമൂഹം എങ്ങനെ മനസ്സിൽ കയറിപ്പറ്റിയെന്ന് ആലോചിക്കേണ്ട കാര്യവുമില്ല. ഇത്രയും ഭംഗിയിൽ കടലും തീരങ്ങളും കാണുവാൻ കഴിയുന്ന മാലദ്വീപിലേക്ക് ഒരു യാത്ര ആഗ്രഹിക്കാത്ത ഒരു സഞ്ചാരിയും കാണുകയുമില്ല. ഒന്നു പോയാൽ തിരികെ വരാൻ തോന്നിക്കാത്ത വിധത്തിൽ മനസ്സിൽ കയറി നിൽക്കുന്ന മാലിദ്വീപിനെപ്പോല ഒരിടം നമ്മുടെ രാജ്യത്തുണ്ടെന്നു കേട്ടിട്ടുണ്ടോ? മിനി മാലദ്വീപ് എന്നു വിളിക്കപ്പെടുവാൻ യോഗ്യമായ ഒരു സ്ഥലം ഇവിടെ ഇതാ ഹൈദരാബാദിലാണുള്ളത്. മാലദ്വീപ് വരെ പോകാൻ ബജറ്റ് അനുവദിക്കാത്തവര്‍ക്ക് പോക്കറ്റ് കാലിയാക്കാതെ മാലിദ്വീപിന്‍റെ അതേ വൈബ് കണ്ടാസ്വദിച്ചു വരാൻ ധൈര്യമായി പോകാൻ പറ്റിയ ഒരിടം പരിചയപ്പെട്ടാലോ..
ഹൈദരാബാദിൽ നിന്നും വെറും 200 കിലോമീറ്റര്‍ അകലെയാണ് ഈ മിനിമാലിദ്വീപ് ഉള്ളത്. കാഴ്ചയിൽ മാലദ്വീപിനോട് സാദൃശ്യം തോന്നുന്ന ഇവിടെ ഇതുതന്നെയല്ലെയോ മാലദ്വീപ് എന്നു പലവട്ടം നിങ്ങൾ സംശയിച്ചു പോകുമെന്ന കാര്യം തീർച്ച. ഹൈദരാബാദിൽ 174 കിമി അകലെ കുർണൂൽ എന്ന സ്ഥലത്തിനു സമീപത്തെ സോമശില എന്ന ഗ്രാമത്തിലാണ് മിനി മാലിദ്വീപ് എന്ന കാഴ്ചയുള്ളത്. അധികമാരും എത്തിച്ചേരാത്ത ഇടങ്ങളിലൊന്നായ ഈ ഗ്രാമം കൃഷ്ണ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. അറിയപ്പെടാത്ത ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിനേക്കാൾ അറിയപ്പെടുന്ന ഒരു ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്. ശിവനായി സമര്‍പ്പിച്ചിരിക്കുന്ന ഒന്നും രണ്ടുമല്ല, ചെറുതും വലുതുമായ പതിനഞ്ച് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ശ്രീ ലളിത സോമേശ്വര സ്വാമി ക്ഷേത്രമാണ് അതിൽ പേരുകേട്ടത്. ഈ 15 ക്ഷേത്രങ്ങളിലും ഒരു ശിവലിംഗവും കാണാം.
മിനി മാലിദ്വീപ്
കടലിലേക്കിറങ്ങി നിൽക്കുന്ന മാലദ്വീപിലെ റിസോർട്ടുകൾക്ക് സമാനമായ ഇടങ്ങളും ശ്വാസമടക്കി പിടിച്ചു മാത്രം കാണേണ്ട സ്ഥലങ്ങളും കാഴ്ചകളും ഒക്കെയായി അതിമനോഹരം തന്നെയാണ് മിനി മാലദ്വീപിലെ കാഴ്ചകൾ. ഫോട്ടോ എടുക്കാനും ഫോട്ടോ ഷൂട്ട് പോലെയുള്ള കാര്യങ്ങൾക്കും ആളുകള്‍ ഇവിടെ എത്തിച്ചേരുന്നു. ഏകദിന യാത്രകൾക്കും ഔട്ടിങ്ങിനും പറ്റിയ ഇടമായതിനാൽ ഹൈദരാബാദിൽ നിന്നും ചെറിയ യാത്രകൾക്കായി ആളുകൾ ഇവിടം തിരഞ്ഞെടുക്കുന്നു. കർണ്ണാടകയിൽ നിന്നും തമിഴ്നാട്, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ ഇവിടെ എത്തുന്നു.
വെള്ളത്തോട് ചേർന്നു കിടക്കുന്ന വാട്ടർ ഫ്രണ്ട് കോട്ടേജുകളിലെ താമസമാണ് സഞ്ചാരികളെ ഇവിടെ ആകർഷിക്കുന്ന ഒരു കാര്യം. ഇവിടെ ബോട്ടിങ്ങിനും മീൻപിടുത്തത്തിനും വെള്ളത്തിലെ ആക്റ്റിവിറ്റികൾക്കും സൗകര്യമുണ്ടെന്ന് വേറെ പറയേണ്ടല്ലോ അല്ലേ. ഇവിടുത്തെ ക്ഷേത്രങ്ങളുടെ വിശേഷങ്ങളിലേക്ക് മടങ്ങി വരാം. ഏഴാം നൂറ്റാണ്ടില്‍ നിർമ്മിക്കപ്പെട്ടവയാണ് ഈ ക്ഷേത്രങ്ങൾ എന്നാണ് വിശ്വാസം മഹാശിവരാത്രിയിലും കാർത്തിക പൗർണ്ണമി നാളുകളിലുമാണ് ഇവിടേക്ക് കൂടുതലും ആളുകളെത്തുന്നത്. 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന പുഷ്കര സ്നാനം ഉത്സവം വളരെ പ്രസിദ്ധമാണ്.
മിനി മാലദ്വീപില്‍ എത്തിച്ചേരാൻ
ഹൈദരാബാദിൽ നിന്ന് സോമശിലയിലേക്ക് ഏകദേശം 172 കിലോമീറ്റർ ദൂരമുണ്ട്. മൂന്നു മുതൽ നാല് മണിക്കൂർ വരെ ഇവിടേക്ക് യാത്ര വേണ്ടിവരും. ഹൈദരാബാദിൽ നിന്നും കുർണൂൽ- കൊല്ലാപ്പൂർ വഴി സോമശിലയിലേക്ക് വരാം. കൊല്ലാപ്പൂരിൽ എത്തിക്കഴിഞ്ഞാൽ 10 കിലോമീറ്റർ അകലെയുള്ള സോമസിലയിലെത്താൻ ടാക്സികളോ ഓട്ടോറിക്ഷകളോ ഉപയോഗിക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.