കൊച്ചി : കൊച്ചിയിൽ എത്തിയാൽ കുറച്ച് കറങ്ങിയില്ലെങ്കിൽ ഒരു സുഖമില്ല. മെട്രോയിൽ കയറിയും മാളുകളിൽ പോയും നല്ല കിടിലൻ ഭക്ഷണം കഴിച്ചുമെല്ലാം കൊച്ചിയിലെ സമയം ചെലവഴിക്കാം. ഇനി യാത്രകളിലാണ് താല്പര്യമെങ്കിലോ? ഒരു പകലിൽ പോയി വരാൻ സാധിക്കുന്ന ഇടങ്ങൾ ഇഷ്ടം പോലെയുണ്ട് എറണാകുളത്തും പരിസരത്തുമായി. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്ന കൊച്ചിയിലൂടെ കൊച്ചി കാഴ്ചകൾ ആസ്വദിച്ച് ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാ ഇവിടെ കൂടിക്കോളൂ. ഫോർട്ട് കൊച്ചിയും ക്ഷേത്രങ്ങളും ബീച്ചും മറൈൻ ഡ്രൈവും ഉൾപ്പെടെ കൊച്ചിയിൽ കാണേണ്ട ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഫോർട്ട് കൊച്ചി
കൊച്ചിയിൽ വന്നിട്ട് ഫോർട്ട് കൊച്ചി കണ്ടില്ലെങ്കിൽ അതിലും വലിയ നഷ്ടം വേറെയില്ല. ഒരു ദിവസം കൊച്ചിയിൽ ഉണ്ടെങ്കിൽ അതിരാവിലെ തന്നെ ഫോർട്ട് കൊച്ചിയിലേക്ക് വെച്ചുപിടിക്കാം. കൊളോണിയൽ ഭംഗി ഇന്നും മായാതെ നിൽക്കുന്ന ഇവിടം തീർത്തും വിഭിന്നമായ കാഴ്ചകളാൽ സമ്പന്നമാണ്. എത്ര മാറ്റങ്ങൾ വന്നാലം കാലമെത്ര പോയാലും ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും ശേഷിപ്പുകൾ ഇന്നും ഇവിടെയുണ്ട്. ഫോർട്ട് കൊച്ചി ബീച്ച്, ചീനവലകൾ, ബോട്ട് യാത്ര, പഴയ രുചികൾ വിളമ്പുന്ന ഇടങ്ങൾ, പ്രദർശന ശാലകൾ, പള്ളികൾ എന്നിങ്ങനെ നൂറുകൂട്ടം കാഴ്ചകൾ ഇവിടെയുണ്ട്.
ചീനവലകൾ
കൊച്ചിയിലെ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ കടലിലും കായലിലും സുലഭമായി കാണുന്ന ചീനവലകൾ ആണ്. കൊച്ചിയുടെ ലാൻഡ് മാർത്ത് എന്നുതന്നെ വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ഇവിടം കൊച്ചിയുടെ സമ്പന്ന സംസ്കാരത്തിന്‍റെ അടയാളമെന്നും പറയാം. കായലിന്റെ ആഴം കുറഞ്ഞ തീരത്ത് നട്ടുന്ന ഈ വലയും സംവിധാനങ്ങളും ഗംഭീരമായ കാഴ്ചാനുഭവം നല്കുന്നു. ഫോർട്ട് കൊച്ചിയിലും പരിസരത്തുമാണ് ഇത് കൂടുതലും കാണാൻ സാധിക്കുക.
പ്രിൻസസ് സ്ട്രീറ്റ്
ഫോർട്ട് കൊച്ചിയിൽ തന്നെ പോകുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് പ്രിൻസസ് സ്ട്രീറ്റ്. ലോഫേഴ്സ് സ്ട്രീറ്റ് എന്നും അറിയപ്പെടുന്ന ഇവിടം കൊച്ചിയുടെ പഴയതും പുതിയതുമായ കാഴ്ചകൾ ഒരുപോലെ സമ്മേളിക്കുന്ന ഇടമാണ്. ഫോർട്ട് കൊച്ചിയിലെ രാത്രി ജീവിതം ആസ്വദിക്കാൻ പറ്റിയ പ്രിൻസസ് സ്ട്രീറ്റ് സഞ്ചാരികൾക്കും ചരിത്രപ്രേമികള്‍ക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഇടമാണ്. ബ്രിട്ടീഷുകാരുടെ മാത്രമല്ല ഫ്രഞ്ച്, ഡച്ച്, പോർച്ചുഗീസ് സ്റ്റൈലുകളും ഇവിടെ സന്ദർശകർക്ക് കാണാം.
പരദേശി സിനഗോഗ്
ഫോർട്ട് കൊച്ചിയിൽ തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് പരദേശി സിനഗോഗ്. ഏറ്റവും പഴയ സിനഗോഗുകളിൽ ഒന്നായ ഇവിടം 1568 ലാണ് നിർമ്മിക്കുന്നത്. ഇന്ന് കൊച്ചി യാത്രകളിൽ ഏവരും പോകുവാൻ ആഗ്രഹിക്കുന്ന ഇവിടം ഇന്ന് ഇന്ത്യയിലെ ജൂതമത വിശ്വാസികളുടെ ആരാധനാലയം കൂടിയാണ്. മറ്റൊരിടത്തും കാണാൻ സാധിക്കാത്ത തരത്തിലുള്ള നിർമ്മാണവും കൗതുക വസ്തുക്കളും ഇവിടെ കണ്ടെത്താം.
ബോൾഗാട്ടി പാലസ്
ഇന്ന് കേരളത്തിലെ ഏറ്റവും പേരുകേട്ട പൈതൃക ഹോട്ടലുകളിൽ ഒന്നാണ് കൊച്ചിയിലെ ബോൾഗാട്ടി പാലസ്. 1744-ൽ ഡച്ചുകാർ നിർമ്മിച്ച ഈ കൊട്ടാരം ഒരു ചരിത്ര നിർമ്മിതി തന്നെയാണ്. ഹോളണ്ടിനു പുറത്തുള്ള ഏറ്റവും പഴക്കം ചെന്ന ഡച്ച് പാലസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവർണ്ണർമാരുടെ ഔദ്യോഗിക വസതി കൂടിയായിരുന്നു ഇവിടം. ഇന്ന് കെടിഡിസി ആണ് ഇത് പരിപാലിക്കുന്നത്.