കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ എന്നാണ് ചൊല്ല്. എന്താണിതിന്റെ അർത്ഥമെന്ന് അറിയണമെങ്കിൽ ഒരിക്കലെങ്കിലും കൊല്ലത്ത് വരണം. വന്നു കഴിഞ്ഞാൽ പിന്നെ തിരികെ സ്വന്തം ഭവനത്തിലേക്കോ വന്നയിടത്തേക്കോ മടങ്ങാന്‍ അനുവദിക്കാത്ത വിധത്തിൽ നമ്മളെ അടിമുടി ചേർത്തുപിടിക്കുന്ന നാടാണ് കൊല്ലം. ഒരു യാത്രയിലൊന്നും കൊല്ലത്തെ കണ്ടുതീർക്കുക അസാധ്യമാണ്. എന്നാൽ ഒന്നും കാണാതെ വരേണ്ടിവരില്ല എന്നത് ആശ്വാസവും. കൊല്ലം യാത്രയിൽ ഏതൊക്കെ ഇടങ്ങൾ വിട്ടുപോയാലും കാണാതെ മടങ്ങരുതാത്ത അഞ്ച് ഇടങ്ങളുണ്ട്. ആളുകളുടെ താല്പര്യവും യാത്രാ മോഹവും അനുസരിച്ച് കൊല്ലം കാഴ്ചകൾ മാറിമാറി വരുമെങ്കിലും ഈ അഞ്ച് സ്ഥലങ്ങളുടെ ‘പവർ’ ഒന്നു വേറെ തന്നെയാണ്. നിങ്ങളുടെ അടുത്ത കൊല്ലം ട്രിപ്പിൽ മറക്കാതെ സന്ദർശിച്ചിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
1. റോസ് മല
കൊല്ലത്തെ ഏറ്റവും അണ്ടർ റേറ്റഡ് സ്ഥലങ്ങളിലൊന്നാണ് റോസ് മല. ചെന്തുരുണി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഉള്ളിലുള്ള ഈ പ്രദേശം കൊല്ലത്തെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ഓഫ്റോഡ് യാത്ര ഉറപ്പുതരുന്ന പ്രദേശം കൂടിയാണ്. വ്യൂ പോയിന്‍റും തെന്മല റിസർവോയറിന്‍റെ കാഴ്ചയും ഇവിടുത്തെ ആകർഷണമാണ്.
2. മൺറോ തുരുത്ത്
കൊല്ലത്തെ നിർബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളിൽ അടുത്തതാണ് മൺറോ തുരുത്ത്. ഇടത്തോടുകളുടെയും കനാലുകളുടെയും അതിമനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്. അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ തുരുത്ത് കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുന്നു. സ്വദേശികളേക്കാൾ വിദേശികളാണ് മൺറോ തുരുത്തിന്റെ ആരാധകർ. എട്ടു ചെറുദ്വീപുകൾ ചേര്‍ന്നാണ് മൺറോ തുരുത്ത് രൂപംകൊണ്ടിരിക്കുന്നത്. ഈ തുരുത്തുകള്‍ കണ്ട് കനാലിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ആകർഷണം.
3. അമ്പനാട് ഹിൽസ്
കൊല്ലത്ത് കാണേണ്ട മറ്റൊരു പ്രധാന സ്ഥലമാണ് അമ്പനാട് ഹിൽസ്. അത്രയേറെ പേരുകേട്ട സ്ഥലമല്ലെങ്കിലും കൊല്ലംകാരുടെ മൂന്നാർ എന്നാണ് അമ്പനാട് ഹിൽസ് അറിയപ്പെടുന്നത്. കൊല്ലത്തെ ഏക തേയിലത്തോട്ടമായ ഇവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും മൂന്നാറിന് സമമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച തേടിലഫാക്ടറി തന്നെയാണ് ഈ തേയിലത്തോട്ടത്തിലുണ്ട്. വ്യൂ പോയിൻറ്, കാട് സഹ്യപർവ്വത കാഴ്ചകൾ, കുട്ടമുടി വെള്ളച്ചാട്ടം, ബോട്ടിങ് എന്നിങ്ങനെ ഇവിടെ ആസ്വദിക്കാൻ നിരവധി കാര്യങ്ങളുണ്ട്.
4. കുംഭാവുരുട്ടി വെള്ളച്ചാട്ടം
കൊല്ലത്തെ സാഹസിക സഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. പലപ്പോഴും മലയാളികൾ വളരെ കുറച്ചുമാത്രം കേട്ടറിഞ്ഞെത്തുന്ന ഇവിടം പൂർണ്ണമായും ഒരു അഡ്വഞ്ചർ യാത്ര ഉറപ്പ് വരുത്തുന്ന ഇടമാണ്. അച്ചൻകോവിൽ– ചെങ്കോട്ട പാതയിൽ ഒരു കിലോമീറ്റർ ദൂരെ വനത്തിനകത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 250 അടി ഉയരത്തിൽ നിന്നുമാണ് വെള്ളം താഴേക്ക് പതിക്കുന്നത്.
5. തെന്മല ഇക്കോ ടൂറിസം സെന്‍റർ
കൊല്ലം യാത്രയിൽ വിട്ടുപോകരുതാത്ത ഇടമാണ് തെന്മല ഇക്കോ ടൂറിസം സെന്‍റർ. കൊല്ലത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ ഇവിടം ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന വിധത്തിലാണ് ഇവിടമുള്ളത്. ലെഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍, അഡ്വഞ്ചര്‍ സോണ്‍ എന്നീ മൂന്നു മേഖലകളിലായാണ് ഇവിടം വ്യാപിച്ചുകിടക്കുന്നത്. നിങ്ങളുടെ താല്പര്യമനുസരിച്ച് ഇതിലേതു വേണമെങ്കിലും തിരഞ്ഞെടുക്കാം. തിരുവനന്തപുരം ഭാഗത്തുനിന്നു വരുന്നവർക്ക് നെടുമങ്ങാട് കുളത്തുപ്പുഴ വഴിയും കൊല്ലത്തു നിന്നു വരുന്നവർക്ക് പുനലൂർ വഴിയും തെന്മലയില്‍ എത്താം.