കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പ്ലാറ്റ്ഫോം നിലവിൽ വന്നു. ചൊവ്വാഴ്ച മുതൽ www.onlineksrtcswift.com എന്ന പുതിയ വെബ്സൈറ്റ് വഴി കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ, സ്വിഫ്റ്റ് ബസ് ടിക്കറ്റ് എന്നിവ റിസർവ് ചെയ്യാം. കെഎസ്ആർടിസിയുടെ തന്നെ മൊബൈൽ ആപ്ലിക്കേഷൻ ആയ Ente KSRTC Neo OPRS വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആപ്പ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. കെഎസ്ആർടിസിയുടെ റിസർവേഷൻ സൗകര്യമുള്ള എല്ലാ സർവീസുകളും ഒരുമിച്ചാക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ മാറ്റം. കെഎസ്ആർടിസിയുടെയും സ്വിഫ്റ്റ് ബസിന്‍റെയും എല്ലാ സർവീസുകളും ഇനി മുതൽ ഈ പ്ലാറ്റ്ഫോമിൽ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് പ്രയോജനകരമാകുന്ന നിരവധി മാറ്റങ്ങളോടെയും പ്രത്യേകതകളോടെയും ആണ് പുതിയ പ്ലാറ്റ്ഫോം ലഭ്യമാക്കിയിരിക്കുന്നത്. ബസ് സർവീസ് ആരംഭിച്ചു കഴിഞ്ഞു പോലും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ പിന്നീട് വരുന്ന സ്ഥലങ്ങളിൽ നിന്നും ആളുകള്‍ക്ക് ഈ സീറ്റുകളിൽ ബുക്കിങ്ങ് നടത്തുവാൻ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷനിലോ ആളുകൾ ടിക്കറ്റ് തിരയുമ്പോള്‍ ഇങ്ങനെ ലഭ്യമായ സീറ്റുകളുള്ള ബസുകൾ അടക്കം കൂടുതൽ ബസുകൾ ബുക്കിങ്ങിനായി കാണിക്കും. ഇത് കൂടാതെ ലൈവ് ടിക്കറ്റിങ് സംവിധാനവും തിരഞ്ഞെടുത്ത സർവീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്തത് ഉൾപ്പെടെയുള്ള വിവരങ്ങൾ എസ്എംഎസ് ഡെലിവറി സിസ്റ്റത്തിന് പുറമെ വാട്സാപ്പ് മുഖേനയും ലഭ്യമാകുന്ന സംവിധാനവും പുതിയ പ്ലാറ്റ്ഫോമിൽ കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
റീഫണ്ട് വരുന്ന ഘട്ടങ്ങളിൽ പുതിയ സംവിഘധാനത്തിൽ ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാൽ റീഫണ്ട് ലഭിക്കുന്നതിനുള്ള കാല താമസം ഒഴിവാകുന്നു. അതോടൊപ്പം റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാർക്ക് അറിയുവാള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കെഎസ്ആര്‍ടിസി ബസുകൾക്കും സ്വിഫ്റ്റ് ബസുകൾക്കം വ്യത്യസ്ത വെബ്സൈറ്റുകൾ വഴിയായിരുന്നു ടിക്കറ്റ് റിസർവേഷൻ സംവിധാനം ഉണ്ടായിരുന്നത്. പുതിയ സൈറ്റ് വരുന്നതോടെ രണ്ടും ഒരേ ഇടത്ത് ബുക്ക് ചെയ്യുവാൻ സാധിക്കും. കെ എസ് ആർ ടി സി സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് : കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021 ലാൻഡ്‌ലൈൻ – 0471-2463799 18005994011 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിന്: Online booking site: http://www.onlineksrtcswift.com Mobile Application: ENTE KSRTC NEO OPRS (ANDROID)