കോടമഞ്ഞ്, തണുപ്പ് .. ഒന്നു കയറിയാല്‍ പിന്നെ തിരിച്ചിറങ്ങാൻ പോലും തോന്നിക്കാത്ത വിധത്തിൽ ചേർത്തു പിടിക്കുന്ന നാട്. എന്നാൽ മൂന്നാറിലേക്ക് യാത്ര ചെയ്യുമ്പോൾ എല്ലാവരും ആദ്യം ശ്രമിക്കുക സ്വന്തം വണ്ടിയെടുത്ത് പോകുവാനാണ്. പക്ഷേ ഭൂരിഭാഗം ആളുകൾക്കും ഇത് സാധ്യമാകണമെന്നില്ല. അതുകൊണ്ടു തന്നെ ബസിൽ മൂന്നാറിലെത്തി അവിടുന്ന് വിവിധ സ്ഥലങ്ങളിലേക്ക് പോകാനാണ് സാധാരണക്കാരായ സഞ്ചാരികൾക്ക് താല്പര്യവും. അതിന് അവസരമൊരുക്കുന്ന താണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ മൂന്നാർ സൈറ്റ് സീയിങ് പാക്കേജ്.
ആളുകളുടെ താല്പര്യത്തിനനുസരിച്ച് മൂന്നാറിലെ വ്യത്യസ്ത ഇടങ്ങളിലേക്ക് കെഎസ്ആർടിസി യാത്രകൾ നടത്തുന്നു. ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് സൈറ്റ്സീയിങ്ങിനായി കെഎസ്ആർടിസി പാക്കേജിനെ ആശ്രയിക്കുന്നത്. മൂന്നാറിലെ പ്രസിദ്ധമായ ഇടങ്ങളിലേക്ക് മാത്രമല്ല വളരെ കുറച്ച് ആളുകൾക്ക് മാത്രം അറിയുന്ന പ്രാദേശികമായി പേരുകേട്ട ഇടങ്ങളിലേക്ക് പോകുന്നതിനാൽ മൂന്നാറിനെ കാണാനും അറിയാനും ഊ യാത്രകൾ പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട. രാവിലെ എത്തി സ്ഥലങ്ങൾ കണ്ട് വൈകിട്ടോടെ മടങ്ങി പോകുവാൻ കഴിയുന്ന വിധത്തിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നതും.
എല്ലാ ദിവസവും രാവിലെ 9.00 മണിക്ക് മൂന്നാറിൽ നിന്ന് യാത്ര ആരംഭിച്ച് വൈകിട്ട് 5.00 മണിക്ക് മടങ്ങിയെത്തുന്ന വിധത്തിലാണ് ഈ യാത്രകളെല്ലാം തന്നെ. വെറും മൂന്നൂറ് രൂപയ്ക്ക് മൂന്നാറിലെ കാഴ്ചകൾ കണ്ടുവരാൻ കഴിയുന്നതിനാൽ സാധാരണക്കാരായ ആളുകൾ വളരെ താല്പര്യം കാണിക്കുന്നുമുണ്ട്. 1. ടീ മ്യൂസിയം 2. ഫോട്ടോ പോയിന്‍റ് 3. മാട്ടുപെട്ടി ഡാം 4. എക്കോ പോയിന്‍റ് 5. ഗവൺമെന്‍റ് ബൊട്ടാണിക്കൽ ഗാർഡൻ 6. സിഗ്നൽ പോയിന്‍റ് 7. ലോക്ക് ഹാർട്ട് വ്യൂ പോയിന്‍റ് 8. ഗ്യാപ് റോഡ് വ്യൂ 9. മലൈ കള്ളൻ ഗുഹ 10. പെരിയ കനാൽ വാട്ടർ ഫോൾസ് 11. ആനയിറങ്കൽ ഡാം വ്യൂ എന്നീ 11 സ്ഥലങ്ങൾ കാണുന്നതാണ് ഒരു പാക്കേജ്. ഇത് കൂടാതെ മൂന്നാര്‍ – മാട്ടുപ്പെട്ടി – കുണ്ടള – ടോപ് സ്റ്റേഷൻ എന്നിവിടങ്ങൾ കണ്ട് തിരികെ വരുന്ന പാക്കേജും ഇതേ നിരക്കിൽ കെഎസ്ആർടിസി നല്കുന്നുണ്ട്. കാന്തല്ലൂർ, ടോപ് സ്റ്റേഷൻ, ചതുരംഗപ്പാറ എന്നി ഡയറക്ഷനുകളിലേക്ക് നടത്തുന്ന യാത്രയിൽ ആളുകൾക്ക് നേരത്തെ അന്വേഷിച്ച് സീറ്റ് ഉറപ്പു വരുത്തി മൂന്നാറിലേക്ക് വരാം. ഒരു വണ്ടിയില്‍ 50പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.