തിരുവനന്തപുരത്ത് ഒരു ദിവസം വന്നാൽ കണ്ടുതീർക്കാൻ കഴിയാത്തത്ര കാഴ്ചകളാണുള്ളത്. എവിടെ പോകണം എന്തൊക്കെ കാണണം എന്ന് ഒന്നും തിരിയാത്ത അവസ്ഥ. എന്നാൽ ഡിസംബർ 1 മുതൽ 12 വരെ നിങ്ങൾ തിരുവനന്തപുരത്തുണ്ടെങ്കിൽ പകലും രാത്രിയും അടിപൊളിയായി ചെലവഴിക്കാൻ പറ്റിയ ഒരിടമുണ്ട്. അതാണ് തിരുവനന്തപുരം പുഷ്പമേള. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്നവർക്ക് രസകരമായ കുറേ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കഴക്കൂട്ടത്ത് ലുലു മാളിന് സമീപം വേൾഡ് മാർക്കറ്റ് മൈതാനിയില്‍ വെച്ചാണ് പുഷ്പോത്സവം നടക്കുന്നത്. വ്യത്യസ്തങ്ങളായ ചെടികളും പൂക്കളും ഒരുക്കിയിരിക്കുന്ന ഇവിടം തീർത്തും വ്യത്യസ്തമായ കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന പൂക്കൾ നമ്മെ കൗതുകത്തിലാക്കും എന്നത് തീര്‍ച്ചയാണ്. തിരുവനന്തപുരം കലാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ കാർഷിക, സഹകരണ, സൊസൈറ്റികളുടെ സഹകരണത്തോടെയാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന വ്യത്യസ്തയിനം ചെടികളും പൂക്കളും ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. ട്യൂലിപ് , ലിക്കാടിയാ, വിവധതരം ഓർക്കിഡുകൾ, റോസ, ജമന്തി എന്നിങ്ങനെ നിറത്തിലും രൂപത്തിലും വ്യത്യസ്തമായ ചെടികളെ ഇവിടെ കാണാം. ഊട്ടി ബോട്ടാണിക്കൽ ഗാർഡന്റെ മാതൃകയിൽ ഒരുദ്യാനം പോലാണ് അനന്തപുരി പുഷ്പോത്സവം ഒരുക്കിയിരിക്കുന്നത്. മുപ്പതിനായിരം ചതുരശ്ര അടിയിയിലാണ് ഈ പുഷ്പമേള നടക്കുന്നത്. പുഷ്പങ്ങളിലും ചെടികളിലും തയ്യാറാക്കിയ ശില്പ മാതൃകയിലുള്ള ഇൻസ്റ്റലേഷനുകൾ മേളയുടെ ഭാഗമാണ്. കൂടാതെ കട്ട് ഫ്ളവേഴ്‌സ് ഷോ, ലാൻഡ് സ്‌കേപ്പിങ് ഷോ, പെറ്റ് ഷോ തുടങ്ങിയവയും പുഷ്പോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പെറ്റ് ഷോയിൽ വളർത്തുമൃഗങ്ങളും വളർത്തു പക്ഷികളെയും പ്രദർശിപ്പിച്ചിട്ടുണ്ട്. കൗതുകം പകരുന്ന ജീവികളായ ഇഗ്വാന, സൽഫർ ക്രെസ്റ്റഡ് കൊക്കാറ്റൂ, സൺ കോണ്യൂർ തുടങ്ങിയവയ്ക്കൊപ്പം സെൽഫി ചിത്രങ്ങൾ പകർത്താനും സാധിക്കും.
ഇത് കൂടാതെ കലാസന്ധ്യകള്‍, ഫാഷൻ ഷോ മത്സരങ്ങള്‍, പായസ മേള എന്നിവയും കുട്ടികളെയും മുതിർന്നവരെയും പിടിച്ചിരുത്തുന്ന ഗെയിം ഷോ, ഓട്ടോമൊബൈൽ എക്സ്പോ എന്നിവയും മേളയിലുണ്ട്. കലാവസ്തുക്കൾ വാങ്ങുവാനും ഒപ്പം ചെടികളും വിത്തുകളും വാങ്ങാനും ഇവിടെ സൗകര്യമുണ്ടായിരിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ പ്രദർശന വിപണന വ്യാപാര സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. മേളയുടെ അവസാന ദിവസമായ ഡിസംബർ 12ന് പൂച്ചെടികളും മറ്റും പകുതി വിലയ്ക്ക് ലഭിക്കും. അനന്തപുരി പുഷ്പോത്സവം തിയതി – ഡിസംബർ 1 മുതൽ 12 വരെ സ്ഥലം-കഴക്കൂട്ടത്ത് ലുലു മാളിന് സമീപം വേൾഡ് മാർക്കറ്റ് മൈതാനി സമയം- രാവിലെ 11 മുതൽ രാത്രി 10 വരെ