ട്രെയിൻ യാത്രകളിലെ ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്ന സംഗതികളിലൊന്നാണ് ഭക്ഷണം. ട്രെയിനിൽ ഭക്ഷണം കിട്ടാൻ പാൻട്രി കാർ മുതൽ സ്റ്റേഷനുകളിലെ കച്ചവടക്കാർ വരെയുണ്ടെങ്കിലും വിശ്വസിച്ച് കഴിക്കുക എന്നത് എളുപ്പമല്ല. ദൂരയാത്രകളിലാണ് ബുദ്ധിമുട്ട് മുഴുവനും. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിച്ച് ട്രെയിനിൽ ചെലവഴിക്കുന്നത് യാത്രയെ തന്നെ മടുപ്പിക്കും. എന്നാൽ ഇഷ്ട ഭക്ഷണം കഴിച്ച് ട്രെയിൻ യാത്ര ചെയ്യാൻ കഴിഞ്ഞാലോ. അതെ, ചൂട് പിസാ മുതൽ ദോശയും ആലു പൊറോട്ടയും അടക്കമുള്ള ഭക്ഷണങ്ങൾ ഭാഗ്യമുണ്ടെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ഹോട്ടലുകളിൽ നിന്നുതന്നെ ട്രെയിൻ യാത്രയിൽ ലഭിക്കും. ഇങ്ങനെയൊരു സംവിധാനം ഐആർസിടിസി തന്നെ ഒരുക്കിയിട്ടുണ്ടെങ്കിലും പരീക്ഷിച്ചു നോക്കിയവർ കുറവായിരിക്കും. ഇതാ എങ്ങനെ ഐആർസിടിസി ആപ്പ് ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യാമെന്നു നോക്കാം.
നിങ്ങളുടെ ട്രെയിൻ യാത്രയിൽ നിങ്ങൾ ഇരിക്കുന്ന കമ്പാര്‍ട്മെന്റില്‍ ഭക്ഷണം എത്തിക്കുന്ന പരിപാടിയാണിത്. നിങ്ങളുടെ ട്രെയിൻ പോകുന്ന റൂട്ടുകളിലെ ഐആർസിടിസി സൈറ്റിൽ ലിസ്റ്റ് ചെയ്ത ഹോട്ടലുകളിൽ നിന്നുമാണ് ഭക്ഷണം എത്തിക്കുന്നത്. ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന സമയത്ത് ഭക്ഷണവുമായി ഡെലിവറി ചെയ്യുന്ന ആള്‍ കാത്തുനിൽപ്പുണ്ടാവും. വളരെ എളുപ്പത്തിൽ ബുക്ക് ചെയ്ത് ഓൺലൈൻ ആയിത്തന്നെ പണം നല്കി ഈ സൗകര്യം ഉപയോഗിക്കാം.
ഐആർസിടിസി ആപ്പ് വഴി എങ്ങനെ ഭക്ഷണം ഓർഡർ ചെയ്യാം
നിങ്ങളുടെ ഫോണിലെ ഐആർസിടിസി ആപ്പ് തുറന്നാൽ ഓർഡർ ഫൂഡ് ഇൻ ട്രെയിൻ എന്ന ഒരു ഓപ്ഷൻ കാണാം. അത് എടുത്ത് നിങ്ങളുടെ യാത്രയുടെ പിഎൻആര്‍ ടൈപ്പ് ചെയ്തു കൊടുത്താൽ ആ റൂട്ടിൽ വരുന്ന അടുത്ത സ്റ്റേഷൻ ഏതാണെന്നും അവിടെ ഏതൊക്കെ റസ്റ്റോറന്‍റുകൾ നിങ്ങൾക്ക് ഭക്ഷണം നല്കും എന്നും കാണാം. ഈ ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് വേണ്ട ഭക്ഷണം തിരഞ്ഞെടുക്കാം. ചില ഹോട്ടലുകൾ ഭക്ഷണം ബുക്ക് ചെയ്യുന്നതിന് മിനിമം തുക നിർബന്ധമാക്കിയിട്ടുണ്ട്.
നിശ്ചിത സമയത്തിനുള്ളിൽ ബുക്ക് ചെയ്താൽ മാത്രമേ ഭക്ഷണം ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് നിങ്ങൾ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെട്ടു. എറണാകുളം എത്തുമ്പോൾ ഭക്ഷണം കഴിക്കാം. അതിനായി ഐആർസിടിസി ആപ്പ് വഴി ഭക്ഷണം ബുക്ക് ചെയ്യാം എന്നാണ് നിങ്ങൾ വിചാരിക്കുന്നത്. ഇതിനായി പിറവം റോഡ് ജംഗ്ഷനോ അല്ലെങ്കിൽ ഏറ്റുമാനൂരോ കഴിയുമ്പോഴല്ല മറിച്ച് കുറച്ച് നേരത്തെ തന്നെ ബുക്ക് ചെയ്യാം. ഇതിൽ വ്യത്യാസം വന്നേക്കാമെങ്കിലും നേരത്തെ തന്നെ ബുക്ക് ചെയ്യുന്നതാവും നല്ലത്. വെജിറ്റേറിയൻ ഭക്ഷണം, നോൺ വെജിറ്റേറിയൻ, പിസ, ദോശ, ബിരിയാണി, താലി തുടങ്ങി നിരവധി വ്യത്യസ്ത ഭക്ഷണങ്ങൾ നിങ്ങൾക്ക് ഓർഡർ ചെയ്യാം.
ഭക്ഷണം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ചെക്ക് ഔട്ട് ചെയ്യാം. ഇതിനായി നിങ്ങളുടെ മുഴുവൻ പേര്, ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ് എന്നിവ നല്കണം. നിങ്ങൾ ഏത് സ്റ്റേഷനിലേക്കാണോ ഭക്ഷണം ഓർഡർ ചെയ്തത് അവിടെ നിങ്ങളുടെ കോച്ച് പൊസിഷനിൽ ഭക്ഷണം എത്തും. ട്രെയിൻ നിർത്തുമ്പോൾ പുറത്തിറങ്ങി മേടിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ട്രെയിനിലെ ഭക്ഷണം താല്പര്യമില്ലാത്തവർക്കും ഒക്കെ ഐആർസിടിസി ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാം. ഓർഡർ ചെയ്ത ഭക്ഷണം ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ട്. ഓർഡർ പ്ലേസ് ആയിക്കഴിഞ്ഞാൽ ഭക്ഷണം മാറ്റാൻ സാധിക്കില്ല. അങ്ങനെ വേണമെങ്കിൽ ഓര്‍ഡർ ചെയ്ത ഐറ്റം ക്യാൻസൽ ചെയ്ത് വീണ്ടും ബുക്ക് ചെയ്യാം. നിങ്ങളുടെ യാത്രയുടെ പിഎൻആർ ലഭിച്ചു കഴിഞ്ഞാൽ അന്നേരം തന്നെ മുൻകൂട്ടി ഭക്ഷണം ബുക്ക് ചെയ്യാം. എത് നേരത്തെ ബുക്കിംഗ് നടത്താം എന്നതിന് പരിധിയില്ല.