പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന വഴികളിലൂടെ കാട്ടിനുള്ളിലേക്ക് കയറിയൊരു യാത്ര.. അതിന്‍റെ ക്ഷീണം തീരുമ്പോഴേക്കും പാലുപോലെ ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റ കാഴ്ചയിൽ ആസ്വദിച്ച് കുറച്ചു സമയം. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് മിക്കവാറും ഇടുക്കി ആകാനാണ് സാധ്യത. എന്നാൽ മൂന്നാറിനോടും ഇടുക്കിയോടും കട്ടയ്ക്കു നിൽക്കുന്ന കൊല്ലത്തിന്‍റെ കാഴ്ചകളാണ് ഇതെന്നു കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ.. എന്നാൽ ഇതൊന്നു നേരിൽ കണ്ടാലോ? റെഡിയാണെങ്കിൽ ബാഗ് പാക്ക് ചെയ്തോളൂ. വിളിക്കുന്നത് കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ആണ്. കൊല്ലത്തെ ഏറ്റവും കിടിലൻ സ്ഥലങ്ങളായ റോസ്മലയും പാലരുവിയും തെന്മലയും ഒരൊറ്റ ദിവസത്തിൽ കണ്ടുവരാൻ സാധിക്കുന്ന ഈ യാത്ര കൊല്ലം ഒരു ദിവസം കൊണ്ടു വരുവാൻ ആഗ്രഹിക്കുന്ന ആർക്കും ധൈര്യമായി വരാൻ സാധിക്കുന്ന പാക്കേജ് കൂടിയാണ്.
സെപ്റ്റംബർ 1 വെള്ളിയാഴ്ച രാവിലെ 7.00 മണിക്ക് കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ആദ്യം പോകുന്നത് റോസ് മലയിലേക്കാണ്. പശ്ചിമഘട്ടത്തോട് ചേർന്ന്, കൊല്ലത്തിന്റെ അങ്ങേ അതിരിൽ സ്ഥിതി ചെയ്യുന്ന റോസ്മല സാഹസികര് ഒരുവട്ടമെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ്. കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ആനവണ്ടിയിൽ പോവുക എന്ന് തന്നെ ഒരു രസമാണ്. ഒപ്പം കാടിന്റെ കാഴ്ചകളും കൂടിയാകുമ്പോൾ രസം ഇരട്ടിക്കും. കയറ്റവും പൊട്ടിപ്പൊളിഞ്ഞ വഴിയും ഇടയ്ക്കിടെുള്ള കുത്തനെയുള്ല ഇറക്കവും അരുവി മുറിച്ചുകടന്നുള്ള യാത്രയും ഒക്കെയായി തീർത്തും വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ് റോസ് മല സഞ്ചാരികൾക്ക് നല്കുന്നത്. ഇവിടുത്തെ വാച്ച് ടവറും വ്യൂ പോയിന്‍റും പറഞ്ഞു കേട്ടതിനേക്കാൾ വലിയ കാഴ്ചകളാണ് നല്കുന്നത്. തെന്മലയിൽ നിന്ന് നേരെ പോകുന്നത് പാലരുവിയുടെ കുളിരിലേക്കാണ്. പാൽ പതഞ്ഞൊഴുകുന്ന പോലെ പതിക്കുന്ന പാലരുവി കണ്ടില്ലെങ്കിൽ കൊല്ലം യാത്ര നഷ്ടമായി മാറുമെന്നാണ് സഞ്ചാരികൾ പറയുന്നത്.
മുന്നൂറ് അടി ഉയരത്തിൽ നിന്നം താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പാറകൾക്കിടയിലൂടെ ഒഴുകിയെത്തിയാണ് താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് കയറിച്ചെല്ലുവാനും അവിടെ നിന്നു കാണുവാനും സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ വെള്ളച്ചാട്ടത്തിലിറങ്ങുവാൻ അനുവദിക്കുന്നുണ്ടെങ്കിൽ മാത്രമേ ഇറങ്ങാൻ സാധിക്കൂ. വെള്ളച്ചാട്ടം ആസ്വദിച്ച ശേഷം തെന്മലയിലേക്ക് വരും. സഞ്ചാരികൾക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത തെന്മല കേരളത്തിലെ ഏറ്റവും മികച്ചതും ഇന്ത്യയിലെ ആദ്യത്തേതുമായ എക്കോ ടൂറിസം സെന്‍ററാണ്. ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം തുടങ്ങിയവ ഇവിടെ ആസ്വദിക്കാം. എത്ര സമയം ചെലവഴിച്ചാലും മടുക്കില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത.