തിരുവനന്തപുരം : സ്പെഷ്യല്‍ ട്രെയിനുകള്‍ വഴി കൂടുതല്‍ ആളുകള്‍ സംസ്ഥാനത്ത് എത്തുന്നത് കൊവിഡിന്റെ വ്യാപനത്തിന് കാരണമാകുമോ എന്ന് ആരോഗ്യ വകുപ്പിന് ആശങ്ക. ആരോഗ്യ വകുപ്പിന്റെ അടിയന്തരയോഗം തിരുവനന്തപുരത്ത് ചേരുന്നു. എവിടെയും രജിസ്റ്റര്‍ ചെയ്യാതെയും പാസ് ഇല്ലാതെയും ആളുകള്‍ എത്തുന്നത് ക്വാറന്‍റൈന്‍ ചെയ്യുന്നതടക്കമുളള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ആശങ്ക. എസി കോച്ചുകളിലെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു.
പാസ് നല്‍കി ആളുകളെ കടത്തിവിടുമ്പോള്‍ വരുന്നവരുടെ ക്വാറന്‍റൈന്‍ സൗകര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിയും. തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീട്ടില്‍ ക്വാറന്‍റൈന്‍ സൗകര്യമുണ്ടോ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണോ എന്നെല്ലാം പരിശോധിച്ച ശേഷമാണ് ആളുകളെ കടത്തിവിടുന്നത്. ഇതൊന്നുമില്ലാതെ ആളുകള്‍ വരുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ആലോചിക്കാനാണ് ആരോഗ്യ വകുപ്പിന്റെ യോഗം.