വനത്തിനകത്ത് ഒരു ദിവസമെങ്കിലും താമസിക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഇതിൽ തന്നെ ഏർമാടങ്ങളിലെ വാസം മറ്റൊരു പ്രത്യേക അനുഭവമാണ്. കേരളത്തിലെ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി വിനോദസഞ്ചാരികൾക്കും യാത്രപ്രേമികൾക്കുമായി ടൂറിസ്റ്റ് സങ്കേതങ്ങളുണ്ട്. കാടിന്റെ വന്യഭംഗിയും പ്രകൃതിയുടെ സംഗീതവും ആസ്വദിക്കാനും അനുഭവിക്കാനും ഇതിലൂടെ സഞ്ചാരികൾക്ക് അവസരം ലഭിക്കുന്നു. ഇവയിൽ ഇടുക്കി, വയനാട് എന്നിവിടങ്ങളിലുള്ള പ്രമുഖമായ ട്രീ ഹൗസുകളെ പരിചയപ്പെടാം.
വയനാട്
തേയില, കാപ്പി പ്ലാന്റേഷനുകളാൽ പ്രസിദ്ധമാണ് വയനാട്. വയനാടിന്റെ കോടമഞ്ഞും വന്യമായ കാഴ്ചകളും ആസ്വദിക്കാനും അവയ്ക്കിടയിൽ താമസിക്കാനും പ്ലാന്റേഷനുകളോട് ചേർന്ന് തന്നെ ഒരുപാട് ട്രീ ഹൗസുകളുണ്ട്. വയനാട്ടിലെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടായ വൈത്തിരി വില്ലേജിലും അഞ്ച് ട്രീ ഹൗസുകളുണ്ട്. സുൽത്താൻ ബത്തേരി, ലക്കിടി, കുപ്പമുടി എസ്റ്റേറ്റ്, കെഞ്ചിറ, കൽപ്പറ്റ, മേപ്പടി തുടങ്ങിയ പ്രദേശങ്ങളിലും ടൂറിസ്റ്റുകൾക്കായി ട്രീ ഹൗസുകൾ ലഭ്യമാണ്. 3000 മുതൽ 12,000 വരെയാണ് ഇവിടത്തെ ട്രീ റിസോർട്ടുകളുടെ പ്രൈസ് റേറ്റ്.
തേക്കടി
പെരിയാർ ദേശീയ പാർക്കും കൂടാതെ, പ്രകൃതിരമണീയ സ്ഥലങ്ങളാലും അനുഗ്രഹീതമാണ് തേക്കടി. ഇവിടത്തെ ഗ്രീൻവുഡ് റിസോർട്ടിന്റെ ഭാഗമായി വരുന്ന ട്രീ ഹൗസും പ്രധാന ആകർഷണമാണ്. റിസോർട്ടിൽ നിന്ന് നാലു കിലോമീറ്റർ മാറിയാണ് ഈ ട്രീ ഹൗസുള്ളത്. കുമിളി, മൂന്നാർ- കുമിളി ഹൈവേ, വണ്ടൻമേട്, ചേലിമട എന്നിവിടങ്ങളിലെല്ലാം വിനോദയാത്രികരെ സ്വാഗതം ചെയ്യാൻ ട്രീ ഹൗസുകൾ സജ്ജീകരിച്ചിട്ടുണ്ട്. 3000 മുതൽ 16,000 രൂപ വരെയാണ് ഒരു രാത്രി തങ്ങാന്‍ പലയിടങ്ങളും ഈടാക്കുന്നത്.
മൂന്നാർ
ഹിൽ സ്റ്റേഷനുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാർ എന്ന് കേൾക്കുമ്പോഴേ മനസിലേക്ക് ഓടിവരുന്നത്. ആനച്ചാലിന് സമീപം മുത്തുവൻ കുടി, പള്ളിവാസലിലെ പുലിപ്പാറ, രത്നഗിരി, മൂലക്കട, കല്ലാറിന് സമീപം മാൻകുളം റോഡ് എന്നിവിടങ്ങളിൽ ടൂറിസ്റ്റുകൾക്കായി ട്രീ ഹൗസുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നാർ ടൗണിൽ നിന്നും അരമണിക്കൂർ യാത്ര ചെയ്താൽ, നേച്ചർ സോൺ ജങ്കിൾ റിസോർട്ടിൽ എത്താം. തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടം. ബൈസൺ വാലിയിൽ സ്ഥിതി ചെയ്യുന്ന ഡ്രീം ക്യാച്ചർ റിസോർട്ടും മൂന്നാറിലെ മറ്റൊരു പ്രശസ്ത ട്രീ ഹൗസാണ്. തേയിലത്തോട്ടങ്ങൾക്കും ഏലത്തോട്ടങ്ങൾക്കും നടുവിൽ പ്രകൃതിയോട് ചേർന്ന് സമയം ചെലവഴിക്കാൻ ഈ ട്രീഹൗസുകൾ അവസരമൊരുക്കുന്നു. മൂന്നാർ ടൗണിൽ നിന്നും 20 കിലോമീറ്ററിനടുത്ത് വരെയാണ് ഇവിടേക്കുള്ള ദൂരം.
കോന്നി
പത്തനംതിട്ടയിലെ കോന്നിയ്ക്ക് അടുത്ത് അച്ചൻകോവിലിനോട് ചേർന്നുള്ള കുടിൽ ട്രീ ഹൗസ്. ട്രൈബൽ കൺസെപ്റ്റിൽ പണിതിരിക്കുന്ന ഈ ട്രീ ഹൗസ് പ്രകൃതികാഴ്ചകളാൽ സമ്പന്നമാണ്.
പൂവാർ
വന്യമനോഹാരിത എന്നതിനുപരി കേരവൃക്ഷങ്ങളും പൂവാർ നദിയുടെ കുളിർമയും ആസ്വദിച്ച് ഒരു രാത്രി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പൂവാറിൽ ട്രീ ഹൗസ് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള ദ്വീപാണ് പൂവാർ. ബീച്ചിനും സമീപപ്രദേശത്താണ് ഈ ട്രീ ഹൗസ്. 5,500 രൂപയാണ് റേറ്റ്.