ഏഴാറ്റുമുഖം പ്രകൃതിഗ്രാമം… ഈ പേരു കേൾക്കുമ്പോൾ തന്നെ കുളിരണിയിക്കുന്ന കുറച്ചു കാഴ്ചകള്‍ മനസ്സിലെത്തും. പാറക്കെട്ടുകളിലൂടെയൊഴുകുന്ന ചാലക്കുടിപ്പുഴയും അതിനു കുറുകേ തൂങ്ങിയാടുന്ന തൂക്കുപാലവും ചേരുമ്പോൾ ഒരു ദിവസം മുഴുവൻ കണ്ടാനന്ദിക്കാനുള്ള കാഴ്ചകളുണ്ട്. പ്രകൃതിയോടലിഞ്ഞ് പ്രകൃതിയിൽ നിൽക്കാനുള്ള കാഴ്ചയാണ് ഏഴാറ്റുമുഖം സന്ദർശകർക്ക് നല്കുന്നത്. കൊച്ചിയിൽ നിന്ന് ഒരു ദിവസത്തെ യാത്രകൾക്കായി സ്ഥലം തിരയുമ്പോൾ ആലപ്പുഴയും കുമരകവും ഭൂതത്താൻകെട്ടും ഒക്കെ കടന്നുവരുമെങ്കിലും അങ്ങനെ വെളിവാകുന്ന ഒരിടമല്ല ഏഴാറ്റുമുഖം. ഏഴിനും മീത എഴുപതഴകിൽ നിൽക്കുന്ന ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്കായാലോ ഇത്തവണത്തെ വാരാന്ത്യ യാത്രാ.
ഇതാ കൊച്ചിയിൽ നിന്നും ഏഴാറ്റുമുഖത്തിലേക്ക് എങ്ങനെ ഏകദിന യാത്ര പ്ലാൻ ചെയ്യാമെന്ന് നോക്കാം. ഏഴാറ്റുമുഖം യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ എറണാകുളത്തു നിന്നും രാവിലെ ഇറങ്ങാം. 50 കിലോമീറ്റർ ദൂരമേ ഉള്ളൂ. ഒന്നര മണിക്കൂറിൽ സ്ഥലത്തെത്തുമല്ലോ എന്നോർത്ത് വൈകിയിറങ്ങാൻ നിൽക്കേണ്ട. രാവിലെ ഇറങ്ങിയാൽ പുലരിയും കാഴ്ചകളും കണ്ട് തിരക്കില്ലാതെ വണ്ടിയോടിച്ച് പ്രഭാതഭക്ഷണവും കഴിച്ച് മെല്ലേ ഏഴാറ്റുമുഖത്തെത്താം. ഇവിടെ നിന്നാണ് ഇനി കാഴ്ചകളുടെ തുടക്കം.
നേരത്തെ പറഞ്ഞതുപോലെ ചാലക്കുടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏഴാറ്റുമുഖത്ത് മാത്രമേ പുഴയുടെ ഭംഗി ഇത്രയും മനോഹരമായി നിങ്ങൾക്ക് കണാനാകൂ. അതിരപ്പിള്ളിയും വാഴച്ചാൽ വെള്ളച്ചാട്ടവും കടന്നെത്തുന്ന ചാലക്കുടിപ്പുഴ ഏഴാറ്റുമുഖത്ത് ഒഴുകിയെത്തുമ്പോൾ ഏഴായി പിരിയും. പാറക്കെട്ടുകൾ കാരണം പിരിഞ്ഞൊഴുകുന്ന പുഴയ്ക്കങ്ങനെയാണ് ഏഴാറ്റുമുഖം എന്ന പേരുകിട്ടുന്നത്. മുന്നോട്ടൊഴുകി പിന്നെയും ഒന്നായി മാറി പുഴ ചാലക്കുടിപ്പുഴ ഒഴുകും. പിരിഞ്ഞൊഴുകുന്ന പുഴ മാത്രമല്ല ഇവിടുത്തെ കാഴ്ച. ചാലക്കുടിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന തടയണയും അതിന്‍റെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന ഉദ്യാനവും കുട്ടിക്കൂട്ടുകാർക്ക് ബോറടിക്കാതെ വന്നിരിക്കാനും കളിക്കാനും പറ്റിയ കുട്ടികളുടെ പാർക്കും കൂടിച്ചേരുന്നതാണ് ഇത്. വണ്ടി പാർക്ക് ചെയ്തു ഇറങ്ങുന്നതു മുതൽ ഇനി നിങ്ങളെ കൗതുകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ ഈ പ്രദേശത്തിനു സാധിക്കും.
മരത്തിനു മുകളിലെ ഏറുമാറം മുതലാണ് ഇവിടെ കാഴ്ചകൾ തുടങ്ങുന്നത്. നദിയും അതിനോട് ചേർന്ന് ഇരിക്കാനുള്ള തിട്ടകളും കനാലിലൂടെ ഒഴുകുന്ന ജലവും ഫോട്ടോ പകർക്കാനുള്ള കാഴ്ചകളും കൂടിയാകുമ്പോൾ ഒട്ടും നഷ്ടമില്ലാത്ത ഒരു യാത്രയായിരിക്കും ഏഴാറ്റ്മുഖത്തേയ്ക്കുള്ളത്. വനത്തിന്‍റെ വന്യതയും പുഴയുടെ രൗദ്രതയും ഒരുമിച്ച് ഒറ്റനോട്ടത്തിൽ കാണാം എന്നതാണ് ഏഴാറ്റുമുഖത്തിന്‍റെ മറ്റൊരു പ്രത്യേകത. വാഴച്ചാലിന്‍റെയും അതിരപ്പിള്ളിയുടെയും ചാലക്കുടിപ്പുഴയുടെയും ഭാവം ഇവിടെ നിന്നു കാണാം.
അതിരപ്പിള്ളി – വാഴച്ചാൽ യാത്ര ഇവിടേക്ക് വരുന്ന രീതിയിൽ ക്രമീകരിക്കാം. കുട്ടികളെ മടുപ്പിക്കാത്ത അവർക്ക് ചെലവഴിക്കാൻ പാർക്ക് ഉൾപ്പെടെയുള്ള കാഴ്ചകൾ ഉണ്ടെന്നതിനാൽ ധൈര്യത്തോടെ അവരെയും ഒപ്പം കൂട്ടാം. ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിൽ നിന്നും ചാലക്കുടിപ്പുഴക്ക് കുറുകേ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലത്തിലൂടെ കടന്നാൽ അപ്പുറം തുമ്പൂർമൂഴി ഗാർഡൻ ആണ്. എന്നാൽ അവിടേക്ക് പ്രവേശിക്കണമെങ്കിൽ പ്രത്യേകം ടിക്കറ്റ് വേണ്ടിവരും. തൂക്കുപാലത്തിനു മുകളിൽ നിന്നാൽ ചാലക്കുടിപ്പുഴയുടേയും തുമ്പൂർമുഴി തടയണയുടേയും കാഴ്ചകൾ ആസ്വദിക്കാമെന്നതിനാൽ ടിക്കറ്റ് എടുത്ത് കയറിയാലും ഒരു നഷ്ടവുമില്ല.