ന്യൂഡല്‍ഹി : രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മേല്‍നോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നിലവില്‍ ജയിലിലുള്ളവരുടെ ജാമ്യപേക്ഷ വേഗത്തില്‍ കേള്‍ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. രാജ്യദ്രോഹ കുറ്റം പുനപരിശോധിക്കാന്‍ തീരുമാനിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊളോണിയല്‍ നിയമങ്ങള്‍ റദ്ദാക്കണം എന്നുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമാണിത് എന്ന കേന്ദ്ര നിലപാട് രേഖപ്പെടുത്തുന്നതായി കോടതി അറിയിച്ചു.
എന്നാല്‍ പുനപരിശോധന മൂന്നോ നാലോ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നു എന്ന് കേന്ദ്രം തന്നെ സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല എന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കികൂടെ എന്നും കോടതി ഇന്നലെ ചോദിച്ചിരുന്നു.