തിരുവനന്തപുരം: കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ അവശ്യ സര്‍വീസ് ആയി പ്രഖ്യാപിച്ചവയൊഴികെയുള്ള സര്‍ക്കാര്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം നാമമാത്രമാണ്. സംസ്ഥാനത്തെ ട്രഷറികളുടെ പ്രവര്‍ത്തനവും ഇതേ നിലയില്‍ ആയിരുന്നു. പക്ഷേ ട്രഷറികളില്‍ ഏറ്റവും തിരക്കേറിയ ദിവസങ്ങളാണ് മുന്നിലുള്ളത്. സാമ്പത്തിക വര്‍ഷാവസാനത്തെ തിരക്കുകള്‍ക്ക് പുറമേ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യണം. ഇതോടെ കുറഞ്ഞ ജീവനക്കാരെ വെച്ച് എങ്ങനെയും ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട അവസ്ഥയിലാണ് ട്രഷറി വകുപ്പ്.
കോവിഡ് ബാധ കണക്കിലെടുത്ത് ട്രഷറികളിലെ തിരക്ക് ഒഴിവാക്കാനായി അടുത്ത മാസത്തെ സര്‍വീസ് പെന്‍ഷന്‍ വിതരണത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഏപ്രില്‍ രണ്ടിനാണ് പെന്‍ഷനും ശമ്പളവും വിതരണം ചെയ്തു തുടങ്ങുക. ഓരോ ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് (പിടിഎസ്ബി) മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് തീയതി നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്. ഏപ്രില്‍ 2 മുതല്‍ 7 വരെയാണ് ക്രമീകരണം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ 223 ട്രഷറികളിലെയും ടെല്ലര്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും, പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാക്കും. തിരക്കില്‍പ്പെടാതിരിക്കാനായി ആദ്യ ദിവസങ്ങളില്‍ പെന്‍ഷന്‍ വാങ്ങുന്നതു മാറ്റിവയ്ക്കണമെന്നു മന്ത്രി തോമസ് ഐസക് അഭ്യര്‍ഥിച്ചു.
ട്രഷറിയില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഒപ്പിട്ട ചെക്കിനൊപ്പം സമര്‍പ്പിച്ചാല്‍ പണം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിനല്‍കും. ട്രഷറി വഴി ശമ്പളം വാങ്ങുന്നവര്‍ക്ക് ഏതു ദിവസവും എത്താം. ബാങ്കു വഴി പെന്‍ഷനും ശമ്പളവും വാങ്ങുന്നവര്‍ക്ക് പതിവു പോലെ തന്നെയാണു നടപടിക്രമങ്ങള്‍. ശമ്പള ബില്ലുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ട്രഷറി ജീവനക്കാര്‍ക്ക് പ്രതിസന്ധി കാലത്ത് വീടിനു സമീപത്തെ ഓഫീസുകളില്‍ ജോലി ചെയ്യാം. വീട്ടില്‍ നിന്നും ദൂരെ ഉള്ള സ്ഥലങ്ങളില്‍ ജോലിക്ക് ഹാജരായിരുന്നവര്‍ക്ക് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കുന്നത്. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് പരമാവധി ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം. പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ സംവിധാനം നേട്ടമാണ്. സ്വന്തം ഐഡന്‍റിറ്റി കാര്‍ഡുമായി സമീപിച്ച് ജീവനക്കാര്‍ക്ക് വീടിനു സമീപത്തെ ഓഫീസുകളില്‍ ജോലി ചെയ്യാം എന്നാണ് പുതിയ നിര്‍ദ്ദേശം.