തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാല്‍ അല്ലാതെ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. മുഖ്യപ്രതി ബിജുലാലിന്റെ ഭാര്യയെ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യില്ല. അതേസമയം കേസ് വിജിലന്‍സിന് കൈമാറാന്‍ ശുപാര്‍ശ ചെയ്ത് അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
സിമിയെ ചോദ്യം ചെയ്തെങ്കിലും അക്കൗണ്ടിലേക്ക് പണം വന്നത് അറിഞ്ഞിരുന്നില്ലെന്നാണ് മൊഴി. ബിജു ഓണ്‍ലൈനില്‍ ചീട്ടുകളിച്ച് പണം കളഞ്ഞിരുന്നതായും മൊഴി നല്‍കി. തട്ടിയെടുത്തതില്‍ അഞ്ചരലക്ഷം രൂപ ബിജുവിന്റെ സഹോദരിക്ക് നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ക്കും തട്ടിപ്പില്‍ പങ്കില്ലെന്ന് ഉറപ്പിച്ചു. മറ്റൊരു പ്രധാനസംശയം മുന്‍ ട്രഷറി ഓഫീസര്‍ ഭാസ്‌കരനെ സംബന്ധിച്ചായിരുന്നു. ഭാസ്‌കരന്‍ നല്‍കിയ പാസ്‌വേഡും യൂസര്‍നെയിമും ഉപയോഗിച്ചാണ് തട്ടിപ്പെന്ന് ബിജു മൊഴി നല്‍കിയത് കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു.
ഓഫീസില്‍ നിന്ന് നേരത്തെ വീട്ടില്‍പോയ ദിവസം അക്കൗണ്ട് ക്ലോസ് ചെയ്യാനായാണ് പാസ്‌വേഡും യൂസര്‍നെയിമും നല്‍കിയതെന്നും തട്ടിപ്പ് നടത്തുമെന്ന് കരുതിയില്ലെന്നുമാണ് ഭാസ്കരന്റെ മൊഴി. മൊഴിയില്‍ കൂടുതല്‍ ദുരൂഹതകള്‍ കാണാത്തതിനാല്‍ നിലവില്‍ ബിജുവിനെ മാത്രം പ്രതിചേര്‍ത്ത് അന്വേഷണം മുന്നോട്ടുപോകും. സര്‍ക്കാരിന് വന്‍ സാമ്ബത്തിക നഷ്ടമുണ്ടായതിനാല്‍ വിജിലന്‍സ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന നിയമോപദേശവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശുപാര്‍ശ നല്‍കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന എം.ആര്‍ ബിജുലാല്‍ രണ്ടേമുക്കാല്‍ കോടിയോളം രൂപയാണ് ട്രഷറിയില്‍ നിന്ന് തട്ടിയെടുത്തത്. തട്ടിയെടുത്ത പണം അക്കൗണ്ടിലേക്ക് വന്നതിനാലാണ് എഫ്.ഐ.ആറില്‍ ബിജുലാലിന്റെ ഭാര്യ സിമിയേയും പ്രതിചേര്‍ത്തിരിക്കുന്നത്. എന്നാല്‍ സിമിക്ക് തട്ടിപ്പില്‍ പങ്കോ അറിവോ ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള നിഗമനം.