പന്തളം : കുളനടയിലെ തർക്കഭൂമിയിൽ കടന്ന് അനധികൃതമായി മുറിച്ച മരം കാറിനു മുകളിൽ വീണ് കാറു തകർന്നു. ഇത് സംബന്ധിച്ച് കുളനട കണ്ടങ്കരി വീട്ടിൽ ജിബിൻ ജോർജ്ജ് പന്തളം പോലീസില്‍ പരാതി നല്‍കി. ജിബിന്റെ വീടിനു സമീപത്തെ തർക്കഭൂമിയില്‍ നിന്നിരുന്ന റബ്ബർ മരങ്ങൾ മുറിച്ചിടുമ്പോളായിരുന്നു അപകടം. മരം വീഴുന്ന സമയം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുറ്റത്ത് കാറിനു സമീപം ഉണ്ടായിരുന്നു. മരം വീഴുന്നത് കണ്ട് ഓടിമാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
ജിബിന്റെ പിതാവിന്റെ സഹോദരനും മറ്റൊരു വ്യക്തിയും തമ്മിലുള്ള തർക്കഭൂമിയാണ് ഇത്. കോടതിയിൽ നിന്ന് ഇഞ്ചങ്ങ്ഷൻ ഉത്തരവും നിലവിലുള്ളതാണ്. കഴിഞ്ഞ ദിവസം തർക്കഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റുവാൻ എതിര്‍ഭാഗം കക്ഷികള്‍ ആളുകളുമായി എത്തിയിരുന്നു. ഇതിനെ തുടർന്ന് ജിബിനും ബന്ധുക്കളും പന്തളം പോലീസിനെ അറിയിക്കുകയും പോലീസ് എത്തി മരം മുറിക്കൽ തടയുകയും ചെയ്തു. തുടർന്ന് ഇരുകൂട്ടരും പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ജിബിനും ബന്ധുക്കളും സ്റ്റേഷനിലേക്ക് പോയ സമയത്ത് എതിര്‍ഭാഗം കൊണ്ടുവന്ന തൊഴിലാളികള്‍ പെട്ടെന്ന് മരം മുറിച്ചിടുകയായിരുന്നു. യാതൊരു സുരക്ഷയും നോക്കാതെ മരം മുറിച്ചിട്ടതുമൂലമാണ് അപകടം സംഭവിച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ജിബിന്‍ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പന്തളം പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.