കൽപറ്റ: വയനാട് തലപ്പുഴ വനത്തിലെ വിവാദ മരം വെട്ടലില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ നിയോഗിച്ച അന്വേഷണ സംഘം വനമേഖലയില്‍ മരങ്ങളുടെ ഇനവും മരക്കുറ്റികളുടെ അളവും പരിശോധിച്ചു. പത്ത് ദിവസത്തിന് ഉള്ളില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമർപ്പിക്കും. സംഭവത്തില്‍ അനുമതിയില്ലാതെ മരം മുറിച്ചതിന് 2 ഉദ്യോഗസ്ഥർ സസ്പെന്‍ഷനിലാണ്. തലപ്പുഴയില്‍ സോളാർ ഫെൻസ് സ്ഥാപിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ 73 മരങ്ങള്‍ അനുമതിയില്ലാതെ മുറിച്ചതില്‍ വിവാദം തുടരുമ്പോഴാണ് പ്രത്യേകസംഘം അന്വേഷണം ഏറ്റെടുക്കുന്നത്. വിവിധയിടങ്ങളില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
വനമേഖലയിലെ മരങ്ങള്‍ ഏതൊക്കെ മുറിച്ചു. എത്രയെണ്ണമാണ് മുറിച്ചത് തുടങ്ങിയവ കണ്ടെത്താനുള്ള പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. മരക്കുറ്റികളുടെ എണ്ണവും അളവും രേഖപ്പെടുത്തിയ സംഘം ഫോറസ്റ്റ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന തടികളുടെ കണക്കും പരിശോധിക്കും. ഇത് താരതമ്യം ചെയ്താണ് ക്രമക്കേട് എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുക. സോളാർ ഫെൻസ് സ്ഥാപിക്കാനെന്ന മറവില്‍ 73 മരങ്ങളാണ് ബേഗൂർ റെയ്ഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മുറിച്ചത്. എന്നാല്‍ ഡിഎഫ്ഒയുടെയോ സിസിഎഫിന്‍റെയോ അനുമതി ഇതിന് ഉണ്ടായിരുന്നില്ല.