എരുമേലി : എരുമേലിയിലും വനംകൊള്ള നടന്നു. എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ പട്ടയമുള്ള സ്ഥലത്ത് നിന്ന് 25ലേറെ തേക്ക് മരങ്ങള്‍ മുറിച്ച് കടത്തി. സംഭവത്തില്‍ കോട്ടയം ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ക്കാണ് മരം മുറിച്ച സ്ഥലത്ത് വിശദമായ അന്വേഷണം നടത്താന്‍ ചുമതല നല്‍കിയിരിക്കുന്നത്. എരുമേലി ഫോറസ്റ്റ് റേഞ്ചില്‍ മരം മുറിയ്ക്കാന്‍ 600 ലധികം പാസുകള്‍ അനുവദിച്ചിട്ടുള്ളതായി വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.
എരുമേലി തെക്ക്, വടക്ക് വില്ലേജുകളില്‍ നിന്നാണ് മരം മുറിച്ചത്. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ കോട്ടയം ജില്ലാ കളക്ടര്‍ക്ക് കൈമാറി. തേക്കുമരങ്ങളില്‍ പത്തെണ്ണെത്തിന് റവന്യൂ- വനം വകുപ്പിന്റെ പാസുണ്ടായിരുന്നു. മുറിച്ച ശേഷം മറ്റൊരു സ്ഥലത്ത് മാറ്റിയിട്ടിരുന്ന ഒരു തേക്ക് മരം വനം വകുപ്പ് ഫ്‌ലൈയിംഗ് സ്വക്വാഡ് കണ്ടെത്തി.
ബാക്കിയുള്ള തടികള്‍ ജില്ലയ്ക്ക് പുറത്തേക്ക് കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. എരുമേലി കരിനിലം മേഖലയിലും രണ്ടിടത്ത് തേക്ക് മരം വെട്ടിയതായി കണ്ടെത്തി. രണ്ട് സ്ഥലത്തും കര്‍ഷകരുടെ ഭൂമിയിലെ തേക്ക് മരങ്ങളാണ് വെട്ടിയത്. ഈ ഭൂമിയുടെ രേഖകള്‍ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. വില്ലേജ് ഓഫീസിലെ രേഖകളില്‍ എല്‍എ പട്ടയമാണ് തേക്ക് വെട്ടിയ ഭൂമിക്കുള്ളത് .
എന്നാല്‍ തങ്ങളുടെ ഭൂമിക്ക് എല്‍എ പട്ടയമല്ലെന്ന് കര്‍ഷകര്‍ റവന്യൂ ഉദ്യോഗസ്ഥരെ രേഖകള്‍ സഹിതം കാണിച്ചു ബോധ്യപ്പെടുത്തി. മുണ്ടക്കയം അമരാവതി മേഖലയില്‍ വനം വകുപ്പിന്റെ അനുമതി ഇല്ലാതെ 5 കൂറ്റന്‍ തേക്ക് മരങ്ങള്‍ മുറിച്ച് കടത്തി. അമരാവതിയില്‍ ആകെ 1357 പാസുകളാണ് വനം വകുപ്പ് നല്‍കിയിട്ടുള്ളത്. അതില്‍ 53 എണ്ണം എല്‍എ പട്ടയഭൂമിയിലുള്ളതാണ്. കോട്ടയം, ഇടുക്കിജില്ലയിലെ പീരുമേട്, എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് എരുമേലി ഫോറസ്റ്റ് റേഞ്ച്.