കൊച്ചി: നഗരത്തില്‍ കടപുഴകി വീഴാറായതും ദ്രവിച്ചതുമായ വന്‍മരങ്ങള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. സ്വകാര്യഭൂമിയിലെ മരങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് സ്ഥലം ഉടമയടക്കം കുറ്റക്കാരാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ജില്ല ഭരണകൂടം പക്ഷെ പൊതുനിരത്തിലെ അപകടക്കെണി തിരിച്ചറിഞ്ഞിട്ടില്ല. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ചില്ലകള്‍ വെട്ടിമാറ്റാത്തതും മുന്നറിയിപ്പ് അവഗണിച്ച് മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തും. കൊച്ചി നഗരത്തിന് അഴകും തണലും നല്‍കുന്നുണ്ട്, മരങ്ങള്‍. പക്ഷേ ഈ മരങ്ങള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. കൂടെ പോസ്റ്റുകളും ഫ്ലക്സ് ബോര്‍ഡുകളും അപകടഭീഷണി കൂട്ടുന്നു. എല്ലാ മഴക്കാലത്തും കൊച്ചിയില്‍ മരം വീണുള്ള അപകടങ്ങള്‍ പതിവാണ്. ഒരല്‍പം ശ്രദ്ധയുണ്ടെങ്കില്‍ ഒഴിവാക്കാമായിരുന്നു ഈ അപകടങ്ങള്‍. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല.
റോഡിനിരുവശവും എപ്പോള്‍ വേണമെങ്കിലും വീഴാന്‍ പാകത്തില്‍ മരങ്ങളുണ്ട്. സമീപത്തെ പോസ്റ്റുകളിലേക്കും ഫ്ലക്സ് ബോര്‍ഡുകളിലേക്കും ചാഞ്ഞുകിടക്കുന്നവ. റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന ചില്ലകള്‍ പോലും മുറിച്ചുമാറ്റാന്‍ അധികൃതര്‍ മെനക്കെടുന്നില്ല. ഫോര്‍ട്ട് കൊച്ചിയിലെ തണല്‍മരങ്ങളില്‍ ചിലതും അപകടഭീഷണി ഉയര്‍ത്തുന്നവയാണ്. കഴിഞ്ഞ ദിവസം വാഹനത്തിനുമുകളിലേക്ക് ചില്ലയൊടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മഴക്കാലത്ത് മരത്തിനു താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പ് അവഗണിക്കുന്ന വാഹനമുടമകളും അപകട സാധ്യത കൂട്ടുന്നു. സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങളോ മരച്ചില്ലകളോ വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് സ്ഥലം ഉടമയും സ്വകാര്യസ്ഥാപനങ്ങളും കുറ്റക്കാരാകുമെന്ന് പറയുന്നവര്‍ പൊതുനിരത്തിലെ ഈ അപകടക്കെണി ഒഴിവാക്കുന്നതില്‍ നടപടിയെടുക്കുന്നില്ല.