തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ ജില്ലാ കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ വെട്ടിച്ച് ജീവനക്കാരന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ധനമന്ത്രി ഉത്തരവിട്ടു. ധനകാര്യ സെക്രട്ടറിയായിരിക്കും അന്വേഷിക്കുക. നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്.
സംഭവത്തെത്തുടര്‍ന്ന് വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്. ബിജുലാലിനെ സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതാേടെയാണ് നടപടി സ്വീകരിച്ചത്. ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ ജോയിന്റ് ഡയറക്ടര്‍ സാജനെ ട്രഷറി ഡയറക്ടര്‍ നിയോഗിച്ചു.
രണ്ട് മാസം മുമ്പ് വിരമിച്ച ട്രഷറി ഓഫീസറുടെ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ചും ട്രഷറിയിലെ സോഫ്റ്റ് വെയറിലെ ന്യൂനതകള്‍ മുതലാക്കിയുമാണ് വെട്ടിപ്പ് നടത്തിയത്. വ്യാഴാഴ്ചയാണ് തുക മാറ്റിയത്. മാസത്തിലെ അവസാന ദിനമായതിനാല്‍ അന്ന് വൈകിട്ട് കാഷ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനു മുമ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കളക്ടറേറ്റ് വഞ്ചിയൂരായിരുന്നപ്പോള് കളക്ടറുടെ പേരില്‍ ഉണ്ടായിരുന്ന അക്കൗണ്ടില്‍ നിന്നാണ് തുക മാറ്റിയത്. ക്യാഷ് ട്രാന്സാക്ഷന് മൂന്ന് ജീവനക്കാരും, ഓണ്‍ലൈന്‍ ട്രാന്സാക്ഷന് രണ്ട് ജീവനക്കാരുമാണ് കൈകാര്യം ചെയ്യുക. ട്രാന്സാക്ഷന് തന്റെ പാസ്വേഡും റിട്ടയര്‍ ചെയ്ത ഓഫീസറുടെ പാസ്വേഡും ഉപയോഗിക്കുകയായിരുന്നു.