ളാഹ : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പ്രസവ ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു ചികിത്സയ്ക്കു വിട്ട ആദിവാസി യുവതിയെയും നവജാത ശിശുവിനെയും ആംബുലന്‍സ് ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടതായി പരാതി. സംഭവമറിഞ്ഞ് എത്തിയ വനപാലകരാണ് ഇരുവരെയും പത്തനംതിട്ട ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദിവാസി കുടുംബം അധികൃതര്‍ക്കു പരാതി നല്‍കി. ളാഹ മഞ്ഞത്തോട് ആദിവാസി ഊരില്‍ താമസിക്കുന്ന സന്തോഷിന്റെ ഭാര്യ മീനയെയും (23) നവജാത ശിശുവിനെയുമാണ് പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനു സമീപം ബുധനാഴ്ച രാത്രി 8ന് വനത്തില്‍ ഇറക്കിവിട്ടത്. ഒരാഴ്ച മുന്‍പാണ് മീന രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇവര്‍ക്കൊപ്പം ചികിത്സയിലായിരുന്ന പ്ലാപ്പള്ളി വനത്തില്‍ താമസിക്കുന്ന മറ്റൊരു യുവതിയും ബുധനാഴ്ച ഡിസ്ചാര്‍ജ് ആയിരുന്നു. മീന പോകുന്ന ആംബുലന്‍സിലാണ് ഇവരെയും അയച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍ ഇരുവരുമായി മുക്കൂട്ടുതറ വഴി രാത്രി പ്ലാപ്പള്ളിയില്‍ എത്തി. മീനയ്‌ക്കൊപ്പം ഉണ്ടായിരുന്ന യുവതി പ്ലാപ്പള്ളിയില്‍ ഇറങ്ങി. പ്ലാപ്പള്ളി നിന്നു പത്തനംതിട്ടയിലേക്കു പോകുന്ന റൂട്ടില്‍ കാട്ടാന ഉള്ളതിനാല്‍ രാത്രി പോകാന്‍ കഴിയില്ലെന്നും പ്ലാപ്പള്ളിയില്‍ ഇറങ്ങാനും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞതായി മീന പറയുന്നു. തുടര്‍ന്ന് മീന നവജാതശിശുവുമായി പ്ലാപ്പള്ളിയില്‍ ഇറങ്ങുകയായിരുന്നു. വാഹനം ഇല്ലാതെ ഇരുവരും വഴിയില്‍ കുടുങ്ങിയ വിവരം അറിഞ്ഞ പ്ലാപ്പള്ളി സ്റ്റേഷനിലെ വനപാലകര്‍ ഇരുവരെയും ളാഹ മഞ്ഞത്തോട്ടില്‍ എത്തിച്ചു. തുടര്‍ന്ന് റാന്നി റേഞ്ച് ഓഫിസര്‍ ഇടപെട്ട് ഇവിടെ നിന്നു രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തില്‍ രാത്രി തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.