തൊടുപുഴ: ഗോത്രവർഗക്കാർക്ക് സ്വന്തമായ ഭൂമി എന്ന മനുഷ്യാവകാശ സംരക്ഷണത്തിന് നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. ഗോത്രവിഭാഗക്കാർക്കും കുടിയേറ്റ കർഷകർക്കും പട്ടയം നിഷേധിക്കുന്നതിനെതിരേ അഖില തിരുവിതാംകൂർ മലഅരയ മഹാസഭ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മഹാസഭ ജനറൽ സെക്രട്ടറി വി.പി. സാബുവും പ്രസിഡന്റ് കെ.ബി. ശങ്കരനും സമർപ്പിച്ച പരാതിയിലാണ് നടപടി. 2022 ഓഗസ്റ്റ് ഒൻപതിന് ലോക ആദിവാസി ദിനത്തിൽ ഇടുക്കി കളക്ടർ പട്ടയ വിതരണം നിർത്തിവെച്ചതിനുശേഷം ആർക്കും പട്ടയം ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. തൊടുപുഴ എംഎൽഎ ചെയർമാനായ തൊടുപുഴ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പാസാക്കി നൽകിയ ആദിവാസികളുടെയും കുടിയേറ്റ കർഷകരുടെയും 537 പട്ടയങ്ങൾപോലും തടഞ്ഞുവെച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്.
1500-ലധികം പട്ടയ അപേക്ഷകൾ അഞ്ച് വില്ലേജുകളിലായി കെട്ടിക്കിടക്കുകയാണെന്ന് പരാതിക്കാർ അറിയിച്ചു. പട്ടികവർഗക്കാർക്കുള്ള പട്ടയവിഷയത്തിൽ സർക്കാർ തലത്തിലാണ് തീരുമാനമെടുക്കണ്ടതെന്നും ഇതിനുവേണ്ടി കത്ത് നൽകിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടർ കമ്മിഷനെ അറിയിച്ചു. പട്ടയമേളകളിൽ പട്ടയം അനുവദിക്കുന്നതിൽ ജാതീയമായ വേർതിരിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ റിപ്പോർട്ടിൽ പറഞ്ഞു. പട്ടയം അനുവദിക്കുന്നതിന് റവന്യൂ വകുപ്പിന്റെ അധീനതയിൽ ഭുമി വരേണ്ടതുണ്ട്. റവന്യൂ രേഖകളിൽ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിട്ടുള്ള വനത്തിന്റെ ജണ്ടയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിൽപോലും വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്നതായി ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു.
ഇത് പട്ടയവിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പട്ടികവർഗ വിഭാഗങ്ങളിലെ ഭൂരഹിതരെ കണ്ടെത്തി ഭൂമി ലഭ്യമാക്കുന്നതിനും കൈവശഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനും റവന്യൂ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.വനം വകുപ്പ് പട്ടയ നടപടികൾ തടസ്സപ്പെടുത്തുന്ന നിലപാടിൽനിന്ന് പിന്മാറണമെന്ന പരാതിക്കാരുടെ ആവശ്യം സർക്കാർ പരിശോധിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഗോത്രജനതയുടെ പട്ടയം റവന്യൂ വകുപ്പിൽ നിലനിൽക്കുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി അനുവദിക്കുന്നതിന് റവന്യൂവകുപ്പിന് നിർദേശം നൽകണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.