തിരുവനന്തപുരം : വയനാട് സമ്പൂർണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള ക്ലാസുകൾ പുനരാരംഭിക്കുന്നു. സംസ്ഥാന സാക്ഷരതാ മിഷൻ നേതൃത്വത്തിൽ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തെ സമ്പൂർണ്ണ സാക്ഷരരാക്കുന്നതിനായി ആരംഭിച്ച പദ്ധതി കോവിഡ് വ്യാപനത്തോടെ നിർത്തിവെച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ക്ലാസുകൾ നടത്തുന്നതിന് ജില്ലാകളക്ടറുടെ അനുമതി ലഭിച്ചു. ഇതിന്റെ കൂടിയാലോചനയ്ക്കായി ജില്ലയിലെ തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും വകുപ്പ്തലവൻമാരുടെയും യോഗം 20 ന് വൈകിട്ട് 4 ന് ഓൺലൈൻ ആയി നടക്കും.
26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി ആദിവാസി വിഭാഗത്തിൽപെട്ട 24,472 നിരക്ഷരയാണ് 2019 ൽ സർവ്വെയിലൂടെ കണ്ടെത്തിയത്. 8923 പുരുഷൻമാരും 15,549 സ്ത്രീകളെയുമാണ് ജില്ലയിലെ 2443 ആദിവാസി ഊരുകളിൽ നടത്തിയ സർവ്വെയിൽ കണ്ടെത്തിയത്. അതത് ഊരിൽ നിന്ന് ആദിവാസി വിഭാഗത്തിൽപെട്ട 1223 ഇൻസ്ട്രക്ടർമാരെയും ഗ്രാമപഞ്ചായത്ത് കണ്ടെത്തി. 2021 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 18,872 പേരാണ് ക്ലാസിലെത്തിയത്.