വെള്ളമുണ്ട: കുടകില്‍ കൃഷിപ്പണിക്ക് പോയ വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വെള്ളമുണ്ട വെളളാരംകുന്ന് പണിയ കോളനിയിലെ വെളുക്കന്റെ മകന് ശ്രീധരനെയാണ്(42) കാണാതായത്. തുടർന്ന്, സഹോദരന് വി.കെ. അനില്‍ വെള്ളമുണ്ട പോലീസില്‍ പരാതി നല്കി. ഫെബ്രുവരിയിലാണ് നാട്ടിലെ മറ്റു കൂട്ടുകാരോടൊപ്പം ശ്രീധരന് കുടകിലേക്ക് പണിക്കുപോയത്. മാസത്തില്‍ ഒരുതവണയെങ്കിലും വീട്ടിലെത്താറുള്ള ശ്രീധരന് മാസങ്ങള്‍ കഴിഞ്ഞിട്ടും എത്താതെ വന്നതോടെയാണ് ബന്ധുക്കള്‍ ആശങ്കയിലായത്.
ഇഞ്ചിപാടത്തും മറ്റുമുള്ള കാര്‍ഷിക ജോലിക്കാണ് പോയത് ശ്രീധരന്റെ ഒപ്പം പോയിരുന്ന മറ്റുള്ളവരെല്ലാം തിരിച്ചെത്തിയപ്പോഴും രണ്ടരമാസമായി ശ്രീധരനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹത്തിന് ഒപ്പം ജോലിയെടുത്തിരുന്ന മറ്റുള്ളവരെ കണ്ട് ബന്ധുക്കള്‍ കാര്യമന്വേഷിച്ചെങ്കിലും ശ്രീധരന് അവിടെ തന്നെ ജോലിയില്‍ തുടരുകയായിരുന്നുവെന്നാണ് അറിയിച്ചത്. തുടര്‍ന്ന്, ബന്ധുക്കളില്‍ ചിലര്‍ കുടകിൽ നേരിട്ട് പോയി ശ്രീധരന് ജോലിയെടുക്കുന്ന സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. യുവാവിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.