തിരുവനന്തപുരം : വനത്തിന്റെയും വനവാസികളുടെയും പേരില്‍ വനംവകുപ്പില്‍ ആദിവാസിക്ഷേമ ഫണ്ടുകളില്‍ വ്യാപക തട്ടിപ്പ്. ആദിവാസികളുടെ സാമൂഹിക ദൗര്‍ബല്യങ്ങള്‍ ചൂഷണംചെയ്താണ് ചില ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണം. വനസംരക്ഷണ സമിതി (വി.എസ്.എസ്) അറിയാതെ തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കാത്ത പരിപാടിയുടെ പേരില്‍ വന്‍തുക എഴുതിയെടുത്തത് വിവാദമായി. ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി (ഇ.ഡി.സി) യിലും സ്ഥിതി ഇതുതന്നെ. ഇത്തരത്തില്‍ സംസ്ഥാനത്ത് വിവിധ ആദിവാസി മേഖലകളില്‍നിന്നായി വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ തട്ടുന്നെന്നാണ് വിവരം.
വനവും വനഭൂമിയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ടുകള്‍ ചെലവിടുന്നത് ഇ.ഡി.സി വഴിയും വനംവകുപ്പിന് കീഴിലെ പ്രദേശങ്ങളില്‍ വി.എസ്.എസ് വഴിയുമാണ്. അഴിമതിരഹിതമായി ഫണ്ട് കൈകാര്യം ചെയ്യാന്‍ വനവാസികളെയും വനംവകുപ്പിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് കമ്മിറ്റികള്‍ രൂപവത്കരിച്ചത്. പ്രസിഡന്റ് ഉള്‍പ്പെടെ അംഗങ്ങള്‍ വനവാസികളും സെക്രട്ടറി വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ്. സെക്രട്ടറിയാണ് കമ്മിറ്റി സംബന്ധിച്ച ഫയലുകള്‍ തയാറാക്കുന്നതും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും. ഇവര്‍ അഴിമതിക്ക് ചുക്കാന്പിടിക്കുന്നുവെന്നാണ് പരാതി.
കണക്കും വിവരങ്ങളും അധികം ഗ്രാഹ്യമില്ലാത്ത വനവാസികളെ ചൂഷണംചെയ്താണ് തട്ടിപ്പുകള്‍ കൊഴുക്കുന്നത്. വിതുര ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ നടന്ന അഴിമതിയെക്കുറിച്ച് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡിന് രഹസ്യവിവരങ്ങളും പരാതികളും ലഭിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്രീന്‍ഗ്രാസ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനത്തില്‍ ചെലവായ തുകയുടെ ഇരട്ടിയിലധികമാണ് രേഖപ്പെടുത്തിയത്. ഇതിന് പ്രസിഡന്റിന്റെ വ്യാജ ഒപ്പിട്ടെന്നും ആരോപണമുണ്ട്.
വാഹനവാടക, ബാനര്‍, ഉച്ചഭക്ഷണം, കുപ്പിവെള്ളം എന്നിവക്ക് പുറമെ അച്ചടിക്കാത്ത നോട്ടീസിനായി പോലും തുക എഴുതിയെടുത്തെന്നാണ് പരാതി. ഇത്തരം കമ്മിറ്റികളുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥര്‍ വനവാസികളെ ചൂഷണം ചെയ്ത് പണം തട്ടുന്നുണ്ടെന്നും താന്‍ അറിയാതെയാണ് പല ബില്ലുകളിലും വ്യാജ ഒപ്പിട്ട് പണം തിരിമറി നടത്തിയതെന്നും വി.എസ്.എസ് മുന്‍ പ്രസിഡന്റ് പറഞ്ഞു. ഇതുവഴി സര്‍ക്കാര്‍ ഖജനാവിനും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.