തിരുവനന്തപുരം : സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം മറികടക്കാന്‍ ജുഡീഷ്യല്‍ ട്രിബ്യൂണല്‍ രൂപവത്കരിക്കാന്‍ ശുപാര്‍ശ. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തുടരും. എന്നാല്‍, സുപ്രീംകോടതി /ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായി മൂന്നംഗ ട്രിബ്യൂണല്‍ ചാന്‍സലര്‍ക്കു മുകളിലുണ്ടാവും. ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറെടുക്കുന്ന തീരുമാനം ട്രിബ്യൂണലിന് പുനഃപരിശോധിക്കാം. ട്രിബ്യൂണലിന്റെ തീരുമാനമാകും അന്തിമം. സര്‍വകലാശാലാനിയമങ്ങള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ.എന്‍.കെ ജയകുമാര്‍ കമ്മീഷന്റേതാണ് ഈ ശുപാര്‍ശ. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
സര്‍വകലാശാലകളുടെ തീരുമാനം റദ്ദാക്കാനുള്ള ചാന്‍സലറുടെ അധികാരം എടുത്തുകളയണമെന്നും ശുപാര്‍ശയുണ്ട്. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്കുള്ള വിവേചനാധികാരം ഒഴിവാക്കും. പ്രൊ-ചാന്‍സലറെന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് സര്‍വകലാശാലാ കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശം നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.