കാസര്‍ഗോഡ് : അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെവി അശ്വിന് യാത്രമൊഴി. ജന്മനാടായ കാസര്‍ഗോഡ് ചെറുവത്തൂരിലെ പൊതുജന വായനശാലയിലെത്തിച്ച സൈനികനെ അവസാനമായി കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ചെറുവത്തൂർ കിഴക്കേമുറിയിൽ അശ്വിൻ സ്ഥിരമായി കബഡി കളിക്കാറുണ്ടായിരുന്ന മൈതാനത്തിന് സമീപമായിരുന്നു പൊതുദർശനം.
സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദും അന്തിമോപചാരം അർപ്പിച്ചു. വീട്ടുവളപ്പിൽ അശ്വിന് അന്ത്യവിശ്രമത്തിന് സൗകര്യം ഒരുക്കിയിടത്തും ജനനിബിഡമായിരുന്നു. നിരവധി പേർ ധീരജവാന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പോലീസിന്‍റേയും സൈന്യത്തിന്‍റേയും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു യാത്രയയപ്പ്.