കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍, കളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ അറിയിച്ചു. സമാധാനപരവും സുഗമവുമായ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനങ്ങളും സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജിലാണ് വോട്ടുയന്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള സ്ട്രോങ് റൂം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ ഗിരീഷ് ശര്‍മയുടെയും ചെലവ് നിരീക്ഷകന്‍ ആര്‍.ആര്‍.എന്‍. ശുക്ലയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
പരസ്യപ്രചാരണം വൈകീട്ട് ആറിന് അവസാനിക്കും. മണ്ഡലത്തിന് പുറത്തുനിന്ന് വന്ന നേതാക്കള്‍, പ്രവര്‍ത്തകര്‍, മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരസ്യ പ്രചാരണം അവസാനിച്ചശേഷം മണ്ഡലത്തില്‍ തുടരാന്‍ പാടില്ല. നിയോജകമണ്ഡലത്തിന്റ അതിര്‍ത്തികളില്‍ കര്‍ശന വാഹന പരിശോധന ഉണ്ടാകുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും കളക്ടറും അറിയിച്ചു. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മണ്ഡലത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. ഈ സമയത്ത് പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ മദ്യം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.
പോളിങ് ദിനത്തിലും മദ്യനിരോധനം പ്രാബല്യത്തിലുണ്ടാകും. വോട്ടെടുപ്പ് ദിവസം തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്ന് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മേയ് 31ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. വൈകീട്ട് ആറ് വരെ ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. വിധിയെഴുതുന്നത് 1,96,805 വോട്ടര്‍മാരാണ്. ഇതില്‍ 3633 പേരാണ് കന്നി വോട്ടര്‍മാര്‍. 239 ബൂത്താണ് വോട്ടെടുപ്പ് പ്രക്രിയക്കായി തയാറാക്കിയിരിക്കുന്നത്.
മണ്ഡലത്തില്‍ പ്രശ്നബാധിത ബൂത്തുകളോ പ്രശ്നസാധ്യത ബൂത്തുകളോ ഇല്ലന്നുള്ളത് മറ്റൊരു പ്രത്യേകതയാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൂടാതെ ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളും പൊതുമേഖല സ്ഥാപനങ്ങളും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച സര്‍വിസ് ഐഡന്‍റിറ്റി കാര്‍ഡ്, എം.പിമാരും എം.എല്‍.എമാരും നല്‍കിയിട്ടുള്ള ഔദ്യോഗിക ഐഡന്‍റിറ്റി കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്, ബാങ്കുകളും പോസ്റ്റ് ഓഫിസുകളും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്‍കിയിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കും. 80 വയസ്സില്‍ കൂടുതലുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ നേരിട്ട് വോട്ടുചെയ്യാം. മുഴുവന്‍ ബൂത്തിലും വളന്റിയര്‍മാരുടെ സേവനവും വീല്‍ചെയറും ഉണ്ടാകും.