പശ്ചിമബംഗാൾ: തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെയെ ഡിസംബർ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രധാനമന്ത്രിയുടെ മോർബി സന്ദർശനത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഗുജറാത്ത് പോലീസ് ഗോഖലയെ അറസ്റ്റ് ചെയ്യുന്നത്. മോദിയുടെ മോർബി സന്ദർശനം, പ്രദേശത്തെ പാലം തകർന്ന് 130 ലേറെ പേർ മരിക്കാനിടയായ സംഭവം എന്നിവയെ പരാമർശിച്ചായിരുന്നു ഗോഖലെയുടെ ട്വീറ്റ്.
തിങ്കളാഴ്ച രാത്രിയാണ് ഗോഖലയെ കസ്റ്റഡിയിലെടുക്കുന്നത്. പ്രധാനമന്ത്രിയുടെ മണിക്കൂറുകൾ മാത്രം നീണ്ട മോർബി സന്ദർശനത്തിന് 30 കോടി രൂപ ചെലവായെന്നുള്ള പ്രാദേശിക വാർത്തയുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവെച്ചായിരുന്നു ഗോഖലെയുടെ ട്വീറ്റ്. ഡിസംബർ ഒന്നിനായിരുന്നു ഗോഖലെ ട്വീറ്റ് ചെയ്തത്. വ്യക്തിഗത വിവരാവകാശ രേഖയിലൂടെയാണ് നരേന്ദ്രമോദിയുടെ സന്ദർശന ചെലവിന്റെ കണക്ക് ലഭിച്ചതെന്നും ഗോഖലെ പറഞ്ഞിരുന്നു.
30 കോടിയിൽ അഞ്ച് കോടി രൂപ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനും പരിപാടി നടത്തിപ്പിനും ചിത്രങ്ങൾ എടുക്കാനും ചെലവായി. പാലം തകർന്നു വീണ് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായമായി നാല് ലക്ഷം രൂപ വീതം ആകെ അഞ്ച് ലക്ഷം ചെലവായി. പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് ചിലവായ തുക 135 പേരുടെ ജീവന് നൽകിയ വിലയെക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ പ്രസ് ഇൻഫോർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് സംഘം ഗോഖലെ പങ്കുവെച്ച കണക്കുകൾ വ്യാജമാണെന്ന് കാണിച്ച് എത്തി. വാർത്തയിൽ പറയുന്ന പോലെ വിവരാവകാശ അപേക്ഷ ലഭിക്കുകയോ മറുപടി നൽകുകയോ ഉണ്ടായിട്ടില്ലെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ അറിയിച്ചു. പിന്നാലെയാണ് ഗോഖലെയെ കസ്റ്റഡിയിലെടുക്കുന്നത്.