തിരുവനന്തപുരം : ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തേണ്ട കൂടുതല്‍ നിയന്ത്രണങ്ങളേക്കുറിച്ച് ഇന്ന് തീരുമാനമാകും. നിലവിലെ ലോക്ഡൗണില്‍ ഇളവ് നല്‍കിയിട്ടുള്ള വിഭാഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും. കണ്ടെയ്‌മെന്റ് സോണുകളില്‍ നിന്നടക്കം രോഗവ്യാപനം കൂടിയ മേഖലകളില്‍ നിന്ന് പുറത്ത് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും. അതേസമയം ട്രിപ്പിള്‍ ലോക്ഡൗണിനിടയിലും നിയന്ത്രണങ്ങളോടെ സത്യപ്രതിഞ്ജ നടത്താനാണ് സര്‍ക്കാരിന്റെ ആലോചന.
ലോക്ഡൗണ്‍ കൊണ്ടും രോഗവ്യാപനം കുറയുന്നില്ലെന്ന് ഉറപ്പായ തിരുവനന്തപുരം , എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള അടുത്തമാര്‍ഗമെന്ന നിലയിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ഒന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തില്‍ കാസര്‍കോട് നടപ്പാക്കിയ നിയന്ത്രണങ്ങളാണ് മാതൃകയായി കാണുന്നത്. ആളുകള്‍ പുറത്തേക്കിറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കുകയാണ് പ്രധാനലക്ഷ്യം. അതിനായി കണ്ടെയ്‌മെന്റ് സോണുകള്‍ കെട്ടിയടച്ചേക്കും. അല്ലാത്ത ഇടങ്ങളിലും പ്രധാന റോഡൊഴിച്ച് ബാക്കി ഇടവഴികള്‍ അടച്ച് യാത്രനിയന്ത്രിക്കും.
ലോക്ഡൗണില്‍ നിര്‍മ്മാണ മേഖലയടക്കം ഒട്ടേറെ വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഇളവുള്ള വിഭാഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും. പലചരക്കും പച്ചക്കറിയുമടക്കം അവശ്യവിഭാഗത്തില്‍പെട്ട കടകള്‍ ഇപ്പോള്‍ രാത്രി ഏഴര വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അതിന്റെ സമയം പരിമിതപ്പെടുത്താനും സാധ്യതയുണ്ട്. വിവാഹം, മരണം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചേക്കും.
നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ അവശ്യസാധനങ്ങളടക്കം വീട്ടിലെത്തിച്ച് നല്‍കുന്ന നടപടി പോലീസ് കാസര്‍കോട് നടപ്പാക്കിയിരുന്നു, ഇക്കാര്യവും പരിഗണിക്കുന്നുണ്ട്. ഇക്കാര്യങ്ങളേക്കുറിച്ച് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉള്‍പ്പെടെ കൂടിയാലോചിച്ച് ഇന്ന് പ്രത്യേക ഉത്തരവിറക്കും. അതേസമയം ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിഞ്ജ നടക്കേണ്ടത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള സത്യപ്രതിഞ്ജയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.