അഗര്‍ത്തല : ത്രിപുരയില്‍ പരിശോധനക്ക് വിധേയമാക്കിയ 90 ശതമാനം സ്രവ സാമ്പിളുകളിലും ഡെല്‍റ്റ പ്ലസ് വകഭേദം. 151 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയതില്‍ 138 സാമ്പിളുകളിലും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി കോവിഡ് നോഡല്‍ ഒാഫിസര്‍ ഡോ. ദീപ് ദേബര്‍മ അറിയിച്ചു.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് ആദ്യമായാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത്. ത്രിപുരയില്‍നിന്ന് 151 സാമ്പിളുകള്‍ പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതില്‍ 138 കേസുകള്‍ ഡെല്‍റ്റ പ്ലസും മറ്റുള്ളവ ഡെല്‍റ്റ, ആല്‍ഫ എന്നീ വകഭേദങ്ങളുമായിരുന്നു.
ത്രിപുരയില്‍ ഇതുവരെ 56,169 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 574 മരണവും റിപ്പോര്‍ട്ട് ചെയ്തു. 5152 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. അഞ്ചുശതമാനമാണ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്.