തൃശൂര്‍ : തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു. മഹിളാ മോര്‍ച്ച തൃശൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ടും ജില്ലാ ഭാരവാഹിയുമായ ഉഷ മരുതൂര്‍ ആണ് രാജിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ പുതൂര്‍ക്കര ഡിവിഷനില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു.
ജില്ലാ നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടാണ് രാജിക്ക് കാരണമെന്നാണ് പറയുന്നത്. പാര്‍ട്ടിക്കകത്ത് കടുത്ത അവഗണനയായിരുന്നുവത്രെ. തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലെ സ്ഥാനാര്‍ഥിയായിരുന്ന മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് നിവേദിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്ന് ഗുരുവായൂരിലും പാര്‍ട്ടിക്കകത്ത് കലഹമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് ഒരു വിഭാഗം രംഗത്ത് വരാതിരുന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലും ഒരു വിഭാഗം യോഗം ചേരുകയും ചെയ്തതായി പറയുന്നു.
ഗുരുവായൂരില്‍ പത്രിക തള്ളിപ്പോയതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ആര്‍.എസ്.എസ് നേതൃത്വം തന്നെ വിമര്‍ശനമുയര്‍ത്തിയിരുന്നു. തൃശൂരിലെ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി ഗുരുവായൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് പറഞ്ഞതും ഗുരുവായൂരിലെ പ്രവര്‍ത്തകരുടെ എതിര്‍പ്പിനിടയാക്കിയിരുന്നു. ഇവിടെ വോട്ട് ചെയ്യാതെയാണ് പലരും പ്രതിഷേധം രേഖപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ് കോര്‍പ്പറേഷന്‍ കൗണ്‍സിലറും മണ്ഡലം ഭാരവാഹിയുമായിരുന്ന ഐ ലളിതാംബിക രാജിവെച്ചത്. കടുത്ത അവഗണനയുടെ പേരിലായിരുന്നു ലളിതാംബികയുടെയും രാജി.